മാറ്റുകൂടാന്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച്, ഇനി ആസ്വദിച്ച് യാത്ര തുടരാം
പയ്യോളി: തീരദേശ ഹൈവേ പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതോടെ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചിന്റെ ടൂറിസം സാധ്യതകള്‍ക്ക് ചിറകു വിരിയും. തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചിനു ടൂറിസം ഭൂപടത്തില്‍ മികച്ച സ്ഥാനമാണുള്ളത്. കോടിക്കല്‍ മുതല്‍ പയ്യോളി വരെ നീണ്ടുകിടക്കുന്ന വിശാലമായ നാലു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചിന്റെ സാധ്യതകള്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ശാന്തമായ തീരവും കടലിനോടു ചേര്‍ന്നുനില്‍ക്കുന്ന കാറ്റാടി മരവും കരയോടു ചേര്‍ന്നുനില്‍ക്കുന്ന കടുക്ക പറിക്കുന്ന പാറക്കെട്ടുകളുമൊക്കെ ഇവിടെ സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നവയാണ്. തീരസമ്പദ്ഘടനയില്‍ വന്‍ മാറ്റത്തിനു വഴിവയ്ക്കുന്ന നിര്‍ദിഷ്ട തീരദേശ ഹൈവേ പദ്ധതി നീണ്ട കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമാകുന്നതോടെ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചിന്റെ പ്രാധാന്യവും വര്‍ധിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് കുഞ്ചത്തൂര്‍ വരെ 655.6 കിലോമീറ്ററിലാണ് സംയോജിത തീരദേശ വിശാലപാതയും സൈക്കിള്‍ ട്രാക്ക് പദ്ധതിയും നടപ്പാക്കുന്നത്. 14 മുതല്‍ 15.6 മീറ്റര്‍ വരെ വീതിയില്‍ വരുന്ന പാതയില്‍ രണ്ടു മീറ്റര്‍ സൈക്കിള്‍ ട്രാക്കിനായി നീക്കിവയ്ക്കും. സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെട്ടു കിടക്കുന്ന മനോഹര ബീച്ചുകളെ ബന്ധിപ്പിച്ചുള്ള പാത ടൂറിസത്തിനു വന്‍ കുതിപ്പേകുമെന്നാണു പ്രതീക്ഷിക്കുന്നത്. തീരപാതയെ പൂര്‍ണമായും ബന്ധിപ്പിക്കാന്‍ 28 കിലോ മീറ്റര്‍ പുതിയ റോഡും പാലങ്ങളും നിര്‍മിക്കേണ്ടിവരും. തിക്കോടി കല്ലകത്ത് ബീച്ചില്‍നിന്ന് അല്‍പം കിഴക്കോട്ടു മാറിയാകും പുതിയ ഹൈവേ കടന്നുപോവുക.
ആവിപ്പാലത്തിനു പടിഞ്ഞാറു ഭാഗത്തായിരിക്കും പുതിയ തീരദേശ റോഡ് വരുമെന്നതിനാല്‍ ആവിക്കു കുറുകെ വിശാലമായ മറ്റൊരു പാലംകൂടി പണിയേണ്ടിവരും. തീരദേശ റോഡ് വരുന്നതോടെ നേരത്തെ ഇവിടങ്ങളില്‍ സ്ഥലം വാങ്ങിയ ആളുകള്‍ ആശങ്കയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."