നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സി.സി.ടി.വി വിവരങ്ങള്‍ ലഭിച്ചു
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകളില്‍ നിന്നും ലഭിച്ചു.
തട്ടിക്കൊണ്ടുപോയ യുവതി രണ്ടു ദിവസം ആശുപത്രിയില്‍ താമസിച്ചതായും കുഞ്ഞിനെ കൊണ്ടുപോകുന്നതിനു മുന്‍പ് മൊബൈലില്‍ സംസാരിക്കുന്നതായും സി.സി.ടി.വിയിലുണ്ട്. കുട്ടിയെ തട്ടിയെടുത്തതിനു ശേഷം യുവതി പത്തനംതിട്ട ബസ് സറ്റാന്‍ഡിലേക്ക് പോയതായും അവിടെനിന്ന് കുലശേഖരപതിയിലേക്ക് എത്തിയതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും പൊലിസ് ശേഖരിച്ച് അന്വേഷണം നടത്തുകയാണ്. യുവതി വിവിധ ആളുകളോട് നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പൊലിസ് ശേഖരിച്ചു വരികയാണ്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് പത്തനംതിട്ട കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് യുവതി രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്.
അതേസമയം, കോഴഞ്ചേരി ആശുപത്രിയില്‍ കുഞ്ഞിന്റെ ബന്ധുക്കളും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലിസിന് കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാത്തതിലും തട്ടിക്കൊണ്ടുപോയ പ്രതികളെ പിടികൂടാത്തതിലും പ്രതിഷേധിച്ചാണ് വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് വാക്കേറ്റം കൈയാങ്കളിയിലേക്കെത്തി. കുഞ്ഞിനെ എത്രയും വേഗം കണ്ടെത്തിയില്ലെങ്കില്‍ പൊലിസ് സ്റ്റേഷനു മുന്പില് സമരം ആരംഭിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."