എ ഗ്രേഡ് ഇന്‍വിറ്റേഷന്‍ കബഡിക്കു മുള്ളേരിയ ഒരുങ്ങുന്നു
മുള്ളേരിയ: തുളുനാട് കബഡി അക്കാദമിയുടെ നേതൃത്വത്തില്‍ മുള്ളേരിയയില്‍ ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെ നടക്കുന്ന ആള്‍ ഇന്ത്യാ എ ഗ്രേഡ് ഇന്‍വിറ്റേഷന്‍ കബഡി ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വിപുലമായ കബഡി ടൂര്‍ണമെന്റ് നടക്കുന്നത്. രാജ്യത്തെ മുന്‍നിര ടീമുകളായ ഒ.എന്‍.ജി.സി, ബി.പി.സി.എന്‍, എയര്‍ഇന്ത്യാ, എയര്‍ഫോഴ്‌സ്, എം.ഇ.ജി ഭോപ്പാല്‍, ഇന്ത്യന്‍ ആര്‍മി നാസിക്ക്, സെന്‍ട്രല്‍ റെയില്‍വേ, വിജയ ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഇന്ത്യന്‍ നേവി, ബി.എസ്.എഫ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളും കേരള സംസ്ഥാന ടീമും ടൂര്‍ണമെന്റില്‍ അണിനിരക്കും.
ദേശീയ ടീമിലേയും പ്രോ കബഡി ലീഗിലേയും ജനപ്രിയ താരങ്ങളായി മാറിയ ജസ്വീര്‍ സിംഗ്, രാജേഷ്‌നര്‍വാള്‍, അജയ് ടാക്കൂര്‍, രാഹുള്‍ ചൗധരി, അജയ്കുമാര്‍, റിഷാന്ത് ദേവഡിഗ, വിശാല്‍മാനെ, ഗിരീഷ് അര്‍ണക്ക്, മോഹിത്ചില്ലര്‍, പ്രശാന്ത് റൈ, സുഗേഷ് ഹെഗ്‌ഡെ, നിലേഷ് ഷിന്‍ഡെ എന്നിവരെല്ലാം ടൂര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്കായി അണിനിരക്കും. ആള്‍ ഇന്ത്യാ അമേച്വര്‍ കബഡി ഫെഡറേഷന്റെ അംഗീകാരമുള്ള ടൂര്‍ണമെന്റില്‍ അമേച്വര്‍ കബഡി റഫറി ബോര്‍ഡ് ചെയര്‍മാന്‍ ഗോവിന്ദ് നാരായണ്‍ ശര്‍മ നിരീക്ഷകനായി എത്തും.
വൈകുന്നേരം ആറു മുതല്‍ 12 വരെയാണു മത്സരം.
നാല് പൂളുകളിലായി നാലു മത്സരങ്ങളാണ് ഒരോ ദിവസവും നടക്കുക. മുള്ളേരിയ പൂവടുക്കയിലുള്ള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ 5000 ആളുകള്‍ക്കു കളികാണാന്‍ കഴിയുന്ന തരത്തിലാണ് ഗാലറി നിര്‍മിക്കുന്നത്.
താരങ്ങളും പരിശീലകരും ഒഫിഷ്യലുകളുമടക്കം രാജ്യത്തെ കബഡിയുമായി ബന്ധമുള്ള മുഴുവന്‍ സംവിധാനങ്ങളും സംഘാടകരും ഏപ്രില്‍ ആദ്യവാരം കാസര്‍കോട് എത്തും.
ടൂര്‍ണമെന്റിന്റെ ഗാലറിയുടെ നിര്‍മാണോദ്ഘാടനം 12നു മൂന്നിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."