കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയം; പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് വയനാട് കലക്ടറേറ്റില്‍ യുവാക്കളുടെ ആത്മഹത്യാ ഭീഷണി
കല്‍പ്പറ്റ: വനം വകുപ്പ് അന്യായമായി പിടിച്ചെടുത്ത സ്വന്തം ഭൂമിക്കായി വയനാട് കലക്ടറേറ്റ് പടിക്കല്‍ 574 ദിവസമായി സമരം തുടരുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തെ അവഗണിക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ച് യുവാക്കളുടെ ആത്മഹത്യാ ഭീഷണി. ഇന്നലെ രാവിലെ 11 മണിയോടെയാണ് കലക്ടറേറ്റ് പരിസരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്. യുവജനതാദള്‍ - എസ് ജില്ലാ സെക്രട്ടറി സി. പി റയീസ്, കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി എന്‍. ജി ഷാജോണ്‍ എന്നിവരാണ് ആത്മഹത്യാ ഭീഷണിയുമായി കലക്ടറേറ്റ് കെട്ടിടത്തിന് മുകളില്‍ കയറിയത്.
വിവരമറിഞ്ഞ് കല്‍പ്പറ്റ ഡിവൈ. എസ്. പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പൊലിസും അഗ്നിശമന സേനയും സംഭവ സ്ഥലത്ത് എത്തി. കലക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ എ. ഡി. എം കെ രാജു മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുങ്ങിയത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തെ സഹായിക്കാന്‍ രൂപീകരിച്ച സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ മാര്‍ച്ച് 14ന് തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രി, വനം, റവന്യൂ മന്ത്രിമാര്‍, സ്ഥലം എം. എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് വയനാട് എ. ഡി. എം രേഖാമൂലം ഉറപ്പു നല്‍കിയതോടെയാണ് യുവാക്കള്‍ താഴെയിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."