രഞ്ജിയില്‍ പേസിനെ പിന്തുണച്ച കൃഷ്ണഗിരി ചതുര്‍ദിനത്തില്‍ ബാറ്റിങ്ങിനൊപ്പം
കൃഷ്ണഗിരി: രഞ്ജിയില്‍ കേരളത്തെ ചരിത്ര നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തുകയും സെമിഫൈനല്‍ മത്സരത്തില്‍ അതേകേരളം ഒന്നര ദിവസം കൊണ്ട് തകര്‍ന്നടിയുകയും ചെയ്ത കൃഷ്ണഗിരി ചതുര്ദിനമായപ്പോള് ബാറ്റിങിന്റെ പറുദീസയായി മാറി.
ഒരു ദിവസത്തില്‍ കൂടുതല്‍ ഇംഗ്ലണ്ട് ലയണ്‍സ് ബാറ്റ് വീശിയപ്പോള്‍ 340 റണ്ണാണ് അവര്‍ നേടിയത്. 105 ഓവറുകളാണ് അവര്‍ ക്രീസില്‍ നിന്നത്. മൂന്ന് ബാറ്റ്സ്മാന്മാര് അര്‍ധശതകം കണ്ടെത്തിയ ഒന്നാമിന്നിങ്സില്‍ രണ്ടുപേര്‍ 40ന് മുകളിലും സ്കോര്‍ കണ്ടെത്തി. ഇതില്‍ ഒന്ന് എക്സ്ട്രാ ആണെന്നതാണ് മറ്റൊരു സവിശേഷത. ഇന്ത്യ എയുടെ ഒന്നാമിന്നിങ്സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്ണെന്ന നിലയിലാണ് രണ്ടാംദിനം അവസാനിപ്പിച്ചത്. 31 റണ്ണെടുത്ത ഈശ്വരന് പുറത്തായെങ്കിലും കെ.എല്‍ രാഹുലും പ്രിയങ്ക് പാഞ്ചലും ക്രീസില്‍ നിലയുറപ്പിച്ചാണ് പോരാടുന്നത്. ഇരുവരും 171 റണ്ണിന്റെ കൂട്ടുക്കെട്ടും പടുത്തുയര്‍ത്തിയിട്ടുണ്ട്. 67 ഓവറുകള്‍ രണ്ടാംദിനത്തില്‍ ലയണ്‍സ് ബൗളര്‍മാര്‍ മാറിമാറി എടുത്തിട്ടും ഇന്ത്യ എയുടെ ബാറ്റിങ് നിരയെ കാര്യമായി പരീക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. സെഞ്ച്വുറിക്ക് അരികിലാണ് ഇന്ത്യ എയുടെ രണ്ട് ബാറ്റ്സ്മാന്മാരുമുള്ളത്.
89 റണ്ണാണ് പ്രിയങ്ക് പഞ്ചാലിന്റെ പേരിലുള്ളത്. 88 റണ്‍ രാഹുലിന്റെ പേരിലും. ഇതില്‍ പ്രിയങ്ക് കേരളം ചരിത്രംകുറിച്ച രഞ്ജി ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗുജറാത്തിനായി മത്സരിക്കാന്‍ കൃഷ്ണഗിരിയിലെത്തിയിരുന്നു.
എന്നാല്‍ അന്ന് രണ്ടിന്നിങ്സിലും കേരളത്തിന്റെ പേസര്‍മാര്‍ പഞ്ചാലിനെ നിലയുറപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. അതേ താരമാണ് ഇന്നലെ ലയണ്‍സിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് 16 ബൗണ്ടറികളുടെ പിന്‍ബലത്തില്‍ പുറത്താവാതെ 89 റണ്‍ നേടിയത്. ലയണ്‍സ് നായകന് സാം ബില്ലിങ്സ് ആറ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും അവര്‍ക്കൊന്നും ബാറ്റിങ് നിരയെ പരീക്ഷിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം ഇന്ത്യ എക്കായി നവദീപ് സൈനി ലയണ്‍സിന്റെ അഞ്ച് വിക്കറ്റുകള്‍ പിഴുതതും ശ്രദ്ധേയമാണ്. 24 ഓവറുകളില്‍ നിന്ന് 79 റണ്‍ വഴങ്ങിയാണ് നവദീപ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."