പുതിയ കെ.പി.സി.സി അധ്യക്ഷനെ ചൊല്ലി ചര്‍ച്ച സജീവം; ഇനി ആര് നയിക്കും?
തിരുവനന്തപുരം: അപ്രതീക്ഷിത നീക്കത്തിലൂടെ വി.എം സുധീരന്‍ ഒഴിഞ്ഞതോടെ പുതിയ കെ.പി.സി.സി അധ്യക്ഷനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു തന്നെയാണ് പ്രധാനമായും ചര്‍ച്ചകളില്‍ ഉയര്‍ന്നിരിക്കുന്നത്.
കെ.സി വേണുഗോപാല്‍ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍, കെ മുരളീധരന്‍, പി.ടി തോമസ്, കെ.വി തോമസ് എം.പി, കെ സുധാകരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി വിഷ്ണുനാഥ് തുടങ്ങിയ പേരുകളും കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് സുധീരന്റെ രാജിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെ.പി.സി.സി നേതൃത്വം പിടിച്ചെടുക്കുക എന്നതാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നത്. സുധീരന്‍ ഒഴിഞ്ഞതിനാല്‍ പകരം കെ.പി.സി.സി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ആര്‍ക്കെങ്കിലും നല്‍കാനാണ് സാധ്യത. നിലവില്‍ ഉപാധ്യക്ഷനായ വി.ഡി സതീശന് ചുമതല കൈമാറിയേക്കും.
എം.എം ഹസനും അധ്യക്ഷ സ്ഥാനത്തേക്ക് പ്രതീക്ഷ വയ്ക്കുന്നുണ്ട്. സാമുദായിക സമവാക്യങ്ങള്‍ നോക്കി മാത്രമേ പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. നിലവില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തലയ്ക്കാണ്. അതുകൊണ്ടു തന്നെ നായര്‍ വിഭാഗത്തില്‍ നിന്നും പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കാന്‍ സാധ്യത വിരളമാണ്.
ഇതാവട്ടെ കെ.പി.സി.സി അധ്യക്ഷ പദവി മോഹിക്കുന്ന കെ മുരളീധരന്‍, കെ.സി വേണുഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് തിരിച്ചടിയാണ്. കൂടാതെ വി.ഡി സതീശന്‍, കെ സുധാകരന്‍ എന്നിവര്‍ക്കും നിലവിലെ സാമുദായിക ഘടന പ്രതികൂലമാണ്. എങ്കിലും ബി.ജെ.പിയെയും സി.പി.എമ്മിനെയും ഒരു പോലെ കരുത്തോടെ നേരിടാന്‍ കെ മുരളീധരനോ കെ സുധാകരനോ വരണമെന്ന ആഗ്രഹം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. എ.കെ ആന്റണിയുടെ പിന്തുണയോടെ പി.ടി തോമസിനെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് വി.എം സുധീരന്‍ ലക്ഷ്യമിടുന്നത്. അധ്യക്ഷ നിയമനത്തില്‍ ആന്റണിയുടേത് അന്തിമവാക്കാവുമെന്നത് മറ്റു ഗ്രൂപ്പുകളെയും ഭയപ്പെടുത്തുന്നുണ്ട്. ആന്റണിയുടെ എതിര്‍പ്പ് തന്നെയാണ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷ സ്ഥാനം പിടിച്ചെടുക്കാമെന്നതിലേക്ക് ഉമ്മന്‍ചാണ്ടിയെയും നയിക്കുന്നത്. ഇതിനിടെ ഹൈക്കമാന്റിലുള്ള സ്വാധീനം മുതലാക്കി അധ്യക്ഷ സ്ഥാനത്തേക്ക് കെ.വി തോമസും നോട്ടമിട്ടിട്ടുണ്ട്.
യുവത്വത്തിന് പ്രാമുഖ്യം നല്‍കിയാല്‍ പ്രസിഡന്റാവാമെന്ന കണക്കുകൂട്ടലിലാണ് പി.സി വിഷ്ണുനാഥ്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സാമുദായിക സമവാക്യങ്ങള്‍ പാലിക്കാതെയുള്ള കെ.പി.സി.സി അധ്യക്ഷ നിയമനം ഉണ്ടാവാന്‍ സാധ്യതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."