ഹരിയാനാ മാരുതി ഫാക്ടറി കലാപം; 31 പേര്‍ കുറ്റക്കാര്‍, 117 പേരെ വെറുതെവിട്ടു
ന്യൂഡല്‍ഹി: 2012ല്‍ ഹരിയാനയിലെ മാരുതി സുസുകി ഫാക്ടറിയിലുണ്ടായ കലാപത്തില്‍ 31 പേരെ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത 117 പേരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
2012 ജൂലൈയിലാണ് ഹരിയാനയിലെ ഗുരുഗാവ് മനേശ്വറിലെ മാരുതി സുസുകി പ്ലാന്റില്‍ ഒരാളുടെ മരണത്തിനും നിരവധി പേര്‍ക്കു പരുക്കേല്‍ക്കാനുമിടയാക്കിയ സംഭവം നടന്നത്. സ്ഥാപനത്തില്‍ നടന്ന തൊഴിലാളി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ തീവയ്പ്പില്‍ എച്ച്.ആര്‍ ജനറല്‍ മാനേജര്‍ അവിനാഷ് കുമാറാണ് കൊല്ലപ്പെട്ടത്. തൊഴിലാളികള്‍ പ്ലാന്റിനു തീകൊടുക്കുകയായിരുന്നു. 94 മാനേജര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ഒന്‍പത് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. തൊഴിലാളികളും മാനേജ്‌മെന്റും തമ്മില്‍ കാലങ്ങളായി രൂക്ഷമായിരുന്ന വിവിധ തൊഴില്‍പ്രശ്‌നങ്ങളാണ് കലാപത്തിലേക്കു നയിച്ചത്.
സംഭവത്തിനുപിറകെ, ആയുധം കൊണ്ടുള്ള കലാപം, കൊലപാതകം, കൊലപാതകശ്രമം, നിയമവിരുദ്ധമായി സംഘംചേരല്‍, ആക്രമണം തുടങ്ങിയ കുറ്റത്തിന് 145 തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 11 പേര്‍ ഇപ്പോഴും ജയിലിലാണുള്ളത്. ബാക്കിയുള്ളവര്‍ ജാമ്യം നേടിയിരുന്നു.
ഗുരുഗ്രാം കോടതിയിലാണ് ഇന്നലെ കേസില്‍ വിധി പ്രഖ്യാനം നടത്തിയത്. കോടതി വിധി തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗുരുഗ്രാമില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. പ്രധാന മേഖലകളില്‍ 2,000ത്തോളം വരുന്ന വന്‍ പൊലിസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു.
കോടതി വിധിയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ ഗുരുഗ്രാമത്തിലെ മുഴുവന്‍ തൊഴിലാളി സംഘടനകളോടും ഫാക്ടറി തൊഴിലാളികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിചാരണ നേരിടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യമായി കഴിഞ്ഞ ദിവസം മാരുതി സുസുകി കമ്പനിയിലെ ഉച്ചഭക്ഷണം തൊഴിലാളികള്‍ ഉപേക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."