അലഞ്ഞു തിരിയുന്നത് 6.53 കോടി ജനങ്ങള്‍, ഓരോ മിനിറ്റിലും 24 പേര്‍ അഭയാര്‍ഥികളായി; യു.എന്‍
ജനീവ: യുദ്ധവും പീഡനവും മൂലം അഭയാര്‍ഥികളായവരുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം റെക്കോര്‍ഡ് വര്‍ധയുണ്ടായതായി ഐക്യരാഷ്ട്രസഭ. 2015 അവസാനമാവുമ്പോഴേക്കും 6.53 കോടി ജനങ്ങള്‍ അഭയാര്‍ഥികളായെന്നാണ് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ കണക്ക്. 2014 ല്‍ ആറു കോടി ജനങ്ങളാണ് അഭയാര്‍ഥികളായി അലഞ്ഞിരുന്നത്. ഇതുതന്നെ രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി കണക്കാണ്.
സിറിയ, അഫ്ഗാനിസ്ഥാന്‍, സൊമാലിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. ഈ രാജ്യങ്ങളില്‍ നിന്ന് ലബനാന്‍, തുര്‍ക്കി, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തവരടക്കം പത്തു ശതമാനത്തോളമാണ് അഭയാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധയുണ്ടാകുന്നത്.
ഓരോ മിനിറ്റിലും 24 പേര്‍ അഭയാര്‍ഥികളായി
യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ കണക്കുപ്രകാരം കഴിഞ്ഞവര്‍ഷം ഓരോ മിനിറ്റിലും അഭയാര്‍ഥികളായത് 24 പേരാണ്. അതായത് ദിവസവും 34,000 പേര്‍ വീടും നാടും വിട്ടോടുന്നു.
1997 മുതല്‍ ഇരട്ടിയിലധികം വര്‍ധനയാണ് അഭയാര്‍ഥികളുടെ എണ്ണത്തിലുണ്ടായത്. 2011 ല്‍ സിറിയയില്‍ യുദ്ധം തുടങ്ങിയതോടെ അഭയാര്‍ഥികളുടെ എണ്ണം 50 ശതമാനം വര്‍ധിച്ചു.
സിറിയയുടെ അയല്‍രാജ്യമായ തുര്‍ക്കിയിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളുള്ളത്. 25 ലക്ഷം അഭയാര്‍ഥികളാണ് ഇവിടെ വസിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യമായ പാകിസ്താന്‍ 16 ലക്ഷം അഭയാര്‍ഥികളെ സ്വീകരിച്ചു. സിറിയയുടെ മറ്റൊരു അയല്‍രാജ്യമായ ലബനാനില്‍ 11 ലക്ഷം അഭയാര്‍ഥികളുണ്ട്.
ഏതാണ്ട് 4.08 കോടി പേര്‍ ആഭ്യന്തര അഭയാര്‍ഥികളായി യുദ്ധമുഖത്തു കഴിയുകയാണ്. 2.13 കോടി ജനങ്ങളാണ് മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത്. 32 ലക്ഷത്തിലധികം പേര്‍ ആശുപത്രികളിലും ചികിത്സയിലും കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."