തുറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആധുനിക ശൗചാലയം വേണമെന്ന്
തുറവൂര്‍: തുറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആധുനിക ശൗചാലയം വേണമെന്ന ആവശ്യം ശക്തമാകുന്നു. റെയില്‍വേ സ്റ്റേഷനില്‍ നല്ലൊരു ശൗചാലയം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് വളരെയോറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മലമൂത്രവിസര്‍ജനത്തിനായി ഇപ്പോള്‍ സമീപത്തുള്ള കുറ്റിക്കാടുകളെയാണ് ആശ്രയിക്കുന്നത്.
അല്ലെങ്കില്‍ തീവണ്ടിയില്‍ കയറിപ്പറ്റണം. പൊതുശൗചാലയം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. തീരദേശപാത കമ്മിഷന്‍ ചെയ്തപ്പോള്‍ ഫ്‌ളാറ്റ് ഫോമിനോട് ചേര്‍ന്ന് വടക്കുഭാഗത്ത് ഉണ്ടായിരുന്ന ശൗചാലയം സാമൂഹിക വിരുദ്ധരുടെ ദുരുപയോഗത്താല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ നശിച്ചിരുന്നു.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സജീകരിച്ചിരുന്ന ശൗചാലയം ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാതെ തകര്‍ന്ന് കാട് കയറിയ നിലയിലാണ്. തുറവൂര്‍ മഹാക്ഷേത്രത്തിലേക്കും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും അന്യദേശങ്ങളില്‍ നിന്നും നിരവധി പേര്‍ തുറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ദിനംപ്രതി എത്തിച്ചേരുന്നുണ്ട്.
പുതിയ ശൗചാലയം വേണമെന്ന ജനകീയാവശ്യം ജനപ്രതിനിധികളോ റെയില്‍വേ അധികൃതരോ ഗൗരവപൂര്‍വം ശ്രദ്ധിക്കുന്നില്ലെന്നാണാക്ഷേപം.
പേ ആന്റ് യൂസ് മാതൃകയില്‍ സ്റ്റേഷനില്‍ ആധുനിക ശൗചാലയം ഇവിടെ നിര്‍മിച്ചാല്‍ നൂറുക്കണക്കിന് തീവണ്ടിയാത്രക്കാര്‍ക്ക് വളരെയധികം സഹായകരമാകും. യാത്രക്കാരുടെയും വരുമാനത്തിന്റെയും കാര്യത്തില്‍ ഈ സ്റ്റേഷന്‍ മുന്നിലാണ്. ശൗചാലയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തയാറാകണം.
ആലപ്പുഴയ്ക്കും എറണാകുളത്തിനും ഇടയിലെ പ്രധാന ക്രോസിങ് സ്റ്റേഷനായ തുറവൂറില്‍ ദീര്‍ഘദൂര സര്‍വിസുകളുള്‍പ്പെടെ നിരവധി തീവണ്ടികള്‍ക്ക് സ്റ്റോപ്പുണ്ട്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിനോട് ചേര്‍ന്ന് ജീവനക്കാരുടെ ഉപയോഗത്തിനുള്ള പൂട്ടിയിരിക്കുന്ന ശൗചാലയമുണ്ടെങ്കിലും അത്യാവശ്യ ഉപയോഗത്തിത്തിന് യാത്രക്കാര്‍ താക്കോല്‍ ആവശ്യപ്പെട്ടാല്‍ പലപ്പോഴും ലഭിക്കാറില്ല. വെള്ളമില്ലെന്നാണ് മറുപടി പറയുന്നത്. ശൗചാലയത്തില്‍ ഉപയോഗത്തിനുള്ള ആവശ്യമായ വെള്ളം ലഭ്യമാകാതിരുന്നതിനാലാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം.
സ്റ്റേഷനിലും ക്വാര്‍ട്ടേഴ്‌സുകളിലുമായി ഒരൊറ്റ ജപ്പാന്‍ കുടിവെള്ള കണക്ഷന്‍ മാത്രമാണുള്ളത്. ഓപ്പണ്‍ ടോയ്‌ലറ്റ് ആണ് നേരത്തെയുണ്ടായിരുന്നത്.
ഇവിടെ യാത്രക്കാര്‍ക്ക് പൊതു ശൗചാലയം ഇല്ലാത്ത വിവരം റെയില്‍വേയുടെ ഉന്നത അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫണ്ട് അനുവദിച്ചു കിട്ടിയാല്‍ നിര്‍മിക്കാന്‍ കഴിയുമെന്നും തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."