റോഡ് സുരക്ഷാ വാരാചരണം; വാഹന പരിശോധന തുടരുന്നു
തൊടുപുഴ: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന വാഹന പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം തൊടുപുഴ മേഖലയില്‍ നടത്തിയ വാഹന പരിശോധനയില്‍ വിവിധ ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ പിഴയിനത്തില്‍ ലഭിച്ചത് 60,100 രൂപയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെയും റോഡ് സുരക്ഷാ അഥോറിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്. നാലു സ്‌ക്വാഡുകളാണ് പരിശോധനയ്ക്കായി രംഗത്തുണ്ടായിരുന്നത്.
വ്യാഴാഴ്ച തൊടുപുഴ നഗരപരിധിയില്‍ 171 വാഹനങ്ങള്‍ അധികൃതര്‍ പരിശോധിച്ചു. തൊടുപുഴ -മൂലമറ്റം റൂട്ടിലും ന്യൂമാന്‍ കോളജിനു സമീപവും തൊടുപുഴ -പാല റൂട്ടില്‍ കോലാനിയിലുമാണ് പരിശോധന നടത്തിയത്. ഇതില്‍ നിയമലംഘനത്തിന്റെ പേരില്‍ വിവിധ വകുപ്പുകളിലായി 107 വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി.
ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനും ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ യാത്ര ചെയ്തതിനും ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനും പിഴ ഈടാക്കി. കൂടാതെ വാഹനത്തിന്റെ സൈലന്‍സറില്‍ രൂപ ഭേദം വരുത്തി അമിത ശബ്ദത്തില്‍ പാഞ്ഞ ബൈക്കുകളും സണ്‍ ഫിലിം ഒട്ടിച്ച കാറുകളും പരിശോധനയില്‍ കുടുങ്ങി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനു പിഴ ഈടാക്കിയതിനു പുറമെ ലൈസന്‍സ് ഉള്ളവര്‍ എത്തിയതിനു ശേഷമാണ് താക്കീതു നല്‍കി വാഹനം വിട്ടു നല്‍കിയത്. പരിശോധന സമയത്ത് വാഹനം ഓടിച്ചവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ബോധവല്‍കരണവും നല്‍കി.
ഇന്നലെയും തൊടുപുഴ നാലുവരി പാതയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നു. ഇതിനിടെ നഗരത്തിലൂടെ അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കി സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വരും ദിവസങ്ങളിലും നഗരത്തില്‍ പരിശോധന തുടരുമെന്ന് ജോയിന്റ് ആര്‍.ടി.ഒ എം.ശങ്കരന്‍ പോറ്റി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."