HOME
DETAILS
MAL
കാസര്‍കോട്ടെ ഈ യുവാക്കളിലൂടെ അവരറിഞ്ഞു, സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക
backup
March 27 2020 | 09:03 AM
കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് ഹോട്ടലുകള്‍ വിരളമായ കൊച്ചി നഗരത്തില്‍ പൊരിവെയിലത്ത് വിശന്നു വലഞ്ഞ പാവങ്ങള്‍ക്ക് ഭക്ഷണം നല്കി ആശ്വാസം പകരുകയാണ് കാസര്‍കോട് സ്വദേശികളായ ഈ യുവാക്കള്‍.
ലോക്ഡൗണ്‍ മൂലം കടകളടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ സഹജീവികളുടെ വിശപ്പകറ്റാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു കൊച്ചിയിലെ വ്യാപാരികളായ ഇവര്‍. എം.എം.എ സലാമിന്റെ ആശയത്തിന് പിന്തുണയും സഹകരണവുമായി സുഹൃത്തുക്കളായ സബീര്‍ പി.എം, സിദ്ദീഖ് ആലൂര്, അഷ്റഫ് പി.എ , ആകാശ് എന്നിവരും കൂടി എത്തിയതോടെ നഗരത്തില്‍ 50 പേരുടെ ഒരു നേരത്തെ ആഹാരത്തിന് വകയൊരുങ്ങി.പലരില്‍ നിന്നായി സംഭാവനകള്‍ ശേഖരിച്ചാണ് ഇവര്‍ ഭക്ഷണം തയാറാക്കുന്നത്. ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസമായി ഇവര്‍ നഗരത്തിലെ വഴിയോരങ്ങളില്‍ വിശന്നു വലഞ്ഞ ആളുകളെ കണ്ടെത്തി ഭക്ഷണം നല്കി. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചാണ് ഇവര്‍ ഭക്ഷണം തയാറാക്കിയത്. വിതരണത്തിനായി ഓംനി വാനും സുരക്ഷിതത്വം ഉറപ്പു വരുത്തി കൈയുറകളും മുഖാവരണങ്ങളും ഉപയോഗിച്ചാണ് രംഗത്തിറങ്ങിയത്. തുറന്നു വച്ച ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തവരാണ് നഗരത്തില്‍ അലയുന്നവരില്‍ ഏറിയ പങ്കും. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന അവരുടെ വരുമാന മാര്‍ഗങ്ങളും ദിവസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ഇനിയുള്ള മൂന്നാഴ്ച എന്തു ചെയ്യുമെന്ന് കരുതിയിരിക്കുന്നവര്‍ക്ക് ആശ്വാസമാകുന്നതാണ് ഇവരുടെ സേവനം.
ചിലരെല്ലാം മടിയില്ലാതെ വാഹനം തടഞ്ഞു നിര്‍ത്തി ഭക്ഷണം ചോദിച്ചു. ഭക്ഷണം കിട്ടിയപ്പോള്‍ അവരുടെ നന്ദിയോടെയുള്ള നോട്ടം മനസ് നിറക്കുന്നുവെന്ന് സലാം പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതലാളുകള്‍ക്ക് ഭക്ഷണം നല്‍കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."