കുട്ടിമാക്കൂല്‍ സംഭവം: യുവതിയില്‍നിന്ന് മൊഴിയെടുത്തു
തലശ്ശേരി: സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലായി ജാമ്യത്തിലിറങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച ദലിത് യുവതിയില്‍നിന്നു പൊലിസ് മൊഴിയെടുത്തു. സംഭവത്തിനു പിന്നില്‍ സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണെന്ന് അഞ്ജന മൊഴി നല്കി.
തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ ചാനല്‍ചര്‍ച്ചയ്ക്കിടെ തന്നെയും കുടുംബത്തെയും അപമാനിച്ചതാണ് ആത്മഹത്യയ്ക്കു പ്രേരണയായതെന്നു യുവതി മൊഴി നല്കി. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആരംഭിച്ച മൊഴിയെടുക്കല്‍ ആറരയോടെയാണ് പൂര്‍ത്തിയായത്. കണ്ണൂര്‍ വനിതാ സെല്‍ സി.ഐ കമലാക്ഷിയാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയത്.
എ.ഡി.ജി.പി സുധേഷ്കുമാര് ഇന്നലെ കുട്ടിമാക്കൂലിലെ വീട്ടിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. അഞ്ജനയുടെ പിതാവ് കുനിയില്‍ രാജന്, കൂടെ ജയിലില്‍ കഴിയേണ്ടി വന്ന അഖില എന്നിവരില്‍നിന്ന് എ.ഡി.ജി.പി മൊഴിയെടുത്തു. സംഭവം ദേശീയ ശ്രദ്ധനേടിയതോടെ പൊലിസും അതീവ ജാഗ്രതയിലാണ്. കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടുത്ത ദിവസം തലശ്ശേരിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഇന്നു രാവിലെ തലശ്ശേരിയിലെത്തി അഞ്ജനയെ കാണുന്നുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷനും അഞ്ജനയില്‍നിന്നു മൊഴിയെടുക്കും. തീവ്രപരിചരണ വാര്‍ഡില്‍ നിന്ന് ഇന്നലെ രാവിലെ അഞ്ജനയെ പ്രത്യേക പരിചരണ വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ കെ. റോസക്കുട്ടി ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."