ഇരിട്ടി മേഖലയില്‍ ടിപ്പര്‍ ലോറി സമരം തുടങ്ങി
ഇരിട്ടി: മേഖലയിലെ ക്രഷറുകളില്‍ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് കുത്തനെ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് സമിതിയും സംയുക്ത ടിപ്പര്‍ തൊഴിലാളി യൂനിയനും ഇന്നലെ മുതല്‍ സമരമാരംഭിച്ചു.
മാര്‍ച്ച് ആറു മുതലാണ് വാണിയപ്പാറ, കോളിത്തട്ട്, കീഴൂര്‍കുന്ന്, പുന്നാട്, വെള്ളര്‍വള്ളി, നെടുംപൊയില്‍, പേരട്ട തുടങ്ങിയ 12 വന്‍കിട ക്രഷറുകളില്‍ മാനദണ്ഡങ്ങള്‍ക്കും മുന്‍ധാരണകള്‍ക്കും വിരുദ്ധമായി കുത്തനെ വില ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് വര്‍ധിപ്പിച്ച വില പിന്‍വലിക്കുക, ഏകീകൃത വില സമ്പ്രദായം നിലവില്‍ വരുത്തുക, ക്രഷര്‍ ഉടമസ്ഥരുടെ വാഹനങ്ങള്‍ക്കും പുറം വണ്ടണ്ടികള്‍ക്കും ഒരേ വിലയ്ക്ക് സാധനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ടിപ്പര്‍ എര്‍ത്ത് മൂവേര്‍ഴ്‌സ് സമിതിയും ടിപ്പര്‍ തൊഴിലാളി യൂണിയനും
ക്രഷര്‍ ഉടമകള്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. ക്രഷറുകളില്‍ നിന്നു ഉല്‍പന്നങ്ങള്‍ വാങ്ങി പൊതുജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നത് പ്രധാനമായും പുറമെ നിന്നുള്ള ടിപ്പര്‍ ലോറികളാണ്. ഇങ്ങനെ പോയ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞുവച്ചു.
മാടത്തില്‍ സംസ്ഥാനാന്തര പാതയില്‍ ടിപ്പറുകള്‍ തടയുന്നത് ഗതാഗത പ്രശ്‌നമുണ്ടാക്കുമെന്നും മാറ്റണമെന്നും പൊലിസ് ആവശ്യപ്പെട്ടത് സമരക്കാരുമായി തര്‍ക്കത്തിനും ഇടയാക്കി. ഇരിട്ടി മേഖലയില്‍ മാത്രം ദിവസവും ഒരു ലക്ഷം അടിയോളം കരിങ്കല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. എറണാകുളം, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയോളമാണ് ഇവിടെ വില ഈടാക്കുന്നതെന്ന് പരാതിയുണ്ട്. കണ്ണൂര്‍ വിമാനത്താവളം, തലശ്ശേരി-വളവുപാറ റോഡ് ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തങ്ങള്‍, പ്രദേശത്തെ മറ്റു വികസന പദ്ധതികള്‍ എന്നിവയ്ക്ക് ക്രഷര്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്നത് ഇരിട്ടി മേഖലയിലെ ക്വാറികളില്‍ നിന്നാണ്. 10 ലക്ഷത്തോളം രൂപയാണ് വില വര്‍ധനവിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന ശരാശരി നഷ്ടം. ഇന്നലെ രാവിലെ ആറുമുതല്‍ തുടങ്ങിയ സമരത്തിന് ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് സമിതി ജില്ലാ പ്രസിഡന്റ് എം.കെ ഇബ്രാഹിം, സംയുക്ത ടിപ്പര്‍ തൊഴിലാളി യൂനിയന്‍ മേഖലാ പ്രസിഡന്റ് വി മുരളീധരന്‍, പ്രസാദ് കീര്‍ത്തനം, ജയന്‍ വടവതി, ഉണ്ണി കേളന്‍ പീടിക, മുനീര്‍ മാടത്തി നേതൃത്വം നല്‍കി. പിക്കപ്പ് പോലുള്ള ചെറുകിട വാഹനങ്ങള്‍ ഇന്നു മുതല്‍ തടയുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."