ദേശീയപാത നാലുവരിപ്പാതയാക്കല്‍ സ്ഥലമേറ്റെടുപ്പ് രണ്ട് മാസത്തിനകം
പൂര്‍ത്തീകരിക്കും
ഉന്നതതല യോഗം ചേര്‍ന്നു
കോഴിക്കോട്: ദേശീയപാത 45 മീറ്ററില്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ രണ്ടു മാസത്തിനകം പൂര്‍ത്തീകരിച്ചു സ്ഥലമുടമകള്‍ക്കു നഷ്ടപരിഹാരം നല്‍കി സ്ഥലം ദേശീയപാതാ അതോറിറ്റിക്കു കൈമാറാനും സുബ്രതോ ബിശ്വാസ് നിര്‍ദേശിച്ചു.
അഴിയൂര്‍ മുതല്‍ വെങ്ങളം വരെ നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായാണു ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുക. മാഹി-തലശ്ശേരി ബൈപാസ്, നന്തി-ചെങ്ങോട്ട്കാവ്(കൊയിലാണ്ടി) ബൈപാസ്, വെങ്ങളം-രാമനാട്ടുകര (കോഴിക്കോട്) ബൈപാസ് എന്നിവയും ഇതില്‍ ഉള്‍പ്പെടും. വെങ്ങളം-രാമനാട്ടുകര ബൈപാസിനു വേണ്ടിയുള്ള സ്ഥലം 45 മീറ്ററില്‍ നേരത്തേ ഏറ്റെടുത്തിരുന്നു. മൊത്തത്തിലുള്ള വികസനം സാധ്യമാക്കുന്നതിനു പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നനുഭവപ്പെടുന്ന ശക്തമായ ഗതാഗതക്കുരുക്കിനും ദിനേനയുണ്ടാവുന്ന റോഡപകടങ്ങള്‍ക്കും അറുതിവരുത്താന്‍ ദേശീയപാതാ വികസനം വേഗത്തില്‍ നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നടപടികള്‍ വേഗത്തിലാക്കാനും ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാനുമായി സ്ഥലമേറ്റെടുപ്പ്, കെട്ടിടങ്ങളും മരങ്ങളുമുള്‍പ്പെടെയുള്ള ഭൂമിയുടെ വിലനിര്‍ണയം എന്നിവ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുമിച്ചുനടത്താനും യോഗത്തില്‍ തീരുമാനമായി. നഷ്ടപരിഹാരം നല്‍കുന്നതിലും പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിലും കാലതാമസമുണ്ടാകില്ല. ആരാധനാലയങ്ങളുള്‍പ്പെടുന്ന സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനു ജില്ലാ കലക്ടര്‍ നേരിട്ടു നേതൃത്വം നല്‍കും. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു ജീവനക്കാരുടെ കുറവ് തടസമാവരുതെന്നും കുറവുള്ളയിടങ്ങളില്‍ ആവശ്യത്തിന് സ്റ്റാഫിനെ നിയോഗിക്കണമെന്നും പൊതുമരാമത്ത് സെക്രട്ടറി അറിയിച്ചു.
ചീഫ് എന്‍ജിനീയര്‍ കെ.പി പ്രഭാകരന്‍, എ.ഡി.എം ടി. ജനില്‍കുമാര്‍, സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ.എന്‍.എച്ച് ഷാമിന്‍ സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ ടി. വിജയന്‍, വടകര ഡിവൈ.എസ്.പി കെ.എം സജീവ്, വടകര-കൊയിലാണ്ടി സ്‌പെഷല്‍ തഹസില്‍ദാര്‍മാര്‍, പൊതുമരാമത്തു വകുപ്പ്, ദേശീയപാതാ അതോറിറ്റി, സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."