നിര്‍മാണ മേഖലയിലെ കയറ്റിറക്ക് സാമഗ്രികളുടെ കൂലിനിരക്ക് പുതുക്കി നിശ്ചയിച്ചു
കൊച്ചി: നിര്‍മാണ മേഖലയില്‍ ലോറിയിലോ ടോറസിലോ ട്രെയിലറിലോ മറ്റ് ഹെവി വാഹനങ്ങളിലോ വരുന്ന സാധന സാമഗ്രികള്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള കൂലി നിരക്ക് തൊഴില്‍ വകുപ്പ് പുതുക്കി നിശ്ചയിച്ചു. 2018 മെയ് ഒന്നു മുതല്‍ നിരക്ക് പ്രാബല്യത്തിലായി. ജില്ലയിലുടനീളം നിരക്ക് ബാധകമായിരിക്കും. ജില്ല ലേബര്‍ ഓഫിസര്‍ (ജനറല്‍) എം.വി ഷീലയുടെ സാന്നിധ്യത്തില്‍ തൊഴിലാളി, തൊഴിലുടമ സംഘടന പ്രതിനിധികളുമായി നടത്തിയ ഉഭയ കക്ഷി ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ കൂലി നിരക്ക് നിശ്ചയിച്ചത്. കൂലിയില്‍ 20 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. സിമന്റ, കോണ്‍ക്രീറ്റ് കട്ട, കമ്പി, സിമന്റ്, ടൈല്‍സ്, ഹെവി സാധനങ്ങള്‍, പൈലിംഗ് സാധന സാമഗ്രികള്‍ തുടങ്ങിയ ഇനങ്ങള്‍ക്ക് 20 ശതമാനം കൂലി കുറച്ചിട്ടുണ്ട്.
കെ.ജെ ജേക്കബ്, കെ.കെ. ശിവന്‍, പി.ആര്‍. സൈമണ്‍, അഡ്വ. കെ.പി ഹരിദാസ്, കെ.കെ ഇബ്രാഹിംകുട്ടി, പി.പി അലിയാര്‍, സി.വി ശശി, കെ.എ നവാസ്, പി.കെ ഇബ്രാഹിം, രഘുനാഥ് പനവേലി, എ.ഡി ഉണ്ണികൃഷ്ണന്‍, കെ.എ പ്രഭാകരന്‍ എന്നീ തൊഴിലാളി യൂനിയന്‍ പ്രതിനിധികളും ബി ചന്ദ്രമോഹന്‍, പി മിജുലാല്‍, എം.ആര്‍ സുരേഷ് വര്‍മ്മ, കെ.എ അബ്ദുള്ള, പി.ഐ ബുഹാരി എന്നീ തൊഴിലുടമ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
കൂലി നിരക്കുകളും മറ്റു വ്യവസ്ഥകളും ഇരുകൂട്ടരും അംഗീകരിച്ചു. കരാറിന് 2018 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് മൂന്ന് വരെ പ്രാബല്യമുണ്ടായിരിക്കും. ക്രിസ്മസ്, റംസാന്‍, ജനുവരി 26, ദുഃഖവെള്ളി, ഓഗസ്റ്റ് 15, തിരുവോണം, മെയ്ദിനം, ബക്രീദ്, വിഷു എന്നീ ഒന്‍പത് ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് സാധാരണ കൂലിക്ക് പുറമെ പകുതി കൂലി കൂടി കൊടുക്കണം. എന്നാല്‍ മട്ടാഞ്ചേരി, പള്ളുരുത്തി, ഇടക്കൊച്ചി, ഫോര്‍ട്ടുകൊച്ചി, കണ്ണമാലി, മുണ്ടംവേലി, വില്ലിങ്ടണ്‍ ഐലന്റ് എന്നിവിടങ്ങളില്‍ ഈ ഒന്‍പത് ദിവസങ്ങളില്‍ പണിയെടുക്കേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് ഇരട്ടി വേതനം കൊടുക്കണം.
ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് മണിവരെയുള്ളതിന് ഒരു കൂലിയും രാത്രി ഏഴിന് ശേഷം രാവിലെ ഏഴുവരെയുള്ള ജോലിക്ക് ഒന്നര കൂലിയും നല്‍കേണ്ടതാണ്. എന്നാല്‍ ഷിഫ്റ്റ് സമ്പ്രദായം നിലവിലുള്ള കേന്ദ്ര പദ്ധതി പ്രദേശങ്ങളായ വല്ലാര്‍പാടം, എല്‍.എന്‍.ജി, എസ്.പി.എം പ്രോജക്ടുകളില്‍ ഓവര്‍ടൈം സംബന്ധിച്ച് ഈ വ്യവസ്ഥ ബാധകമാല്ല.ഏതെങ്കിലും കാരണവശാല്‍ വാഹനങ്ങളില്‍ വരുന്ന സാധനങ്ങള്‍ ഒരുവശത്തുകൂടി മാത്രം ഇറക്കേണ്ടിവരികയാണെങ്കില്‍ സാധാരണ കൂലിക്കു പുറമെ 50 ശതമാനം കൂടുതലായി കൊടുക്കേണ്ടതാണ്.
കരാറില്‍ ഇല്ലാത്ത ഏതെങ്കിലും പുതിയ സാധനങ്ങള്‍ ഇറക്കേണ്ടി വരികയാണെങ്കിലോ ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കങ്ങളുണ്ടാവുകയോ ചെയ്താല്‍ തര്‍ക്ക പരിഹാര കമ്മറ്റി ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനം എല്ലാ വിഭാഗങ്ങളും അംഗീകരിക്കണം. ജില്ലാ ലേബര്‍ ഓഫിസര്‍, ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ചെയര്‍മാന്‍ എന്നിവര്‍ ഔദ്യോഗിക അംഗങ്ങളായിരിക്കും. ബി ചന്ദ്രമോഹന്‍, പി മിജുലാല്‍, എം.ആര്‍ സുരേഷ് വര്‍മ്മ, കെ.എ അബ്ദുള്ള, പി.ഐ ബുഹാരി എന്നീ തൊഴിലുടമ പ്രതിനിധികളും കെ.ജെ ജേക്കബ്, കെ.കെ ശിവന്‍, പി.ആര്‍ സൈമണ്‍, അഡ്വ. കെ.പി ഹരിദാസ്, കെ.കെ ഇബ്രാഹിംകുട്ടി, പി.പി അലിയാര്‍, സി.വി ശശി, കെ.എ നവാസ്, പി.കെ ഇബ്രാഹിം, രഘുനാഥ് പനവേലി, എ.ഡി ഉണ്ണികൃഷ്ണന്‍, കെ.എ പ്രഭാകരന്‍ എന്നീ തൊഴിലാളി യൂണിയന്‍ പ്രതിനിധികളും കമ്മറ്റിയില്‍ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."