ഗുജ്ജാര്‍ സംവരണ പ്രക്ഷോഭം: ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
ജയ്പൂര്‍: രാജസ്ഥാനില്‍ ഗുജ്ജാര്‍ സമുദായം നടത്തുന്ന സംവരണ പ്രക്ഷോഭത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സാവായി മധോപൂര്‍ ജില്ലയില്‍ ഇന്നലെ സംവരണം ആവശ്യപ്പെട്ട് സംഘടിച്ച പ്രക്ഷോഭകര്‍ പശ്ചിമ-മധ്യ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള കോട്ടയില്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് മുംബൈ-ഡല്‍ഹി റൂട്ടിലുള്ള എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 12 ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തു.
ഗുജ്ജാറുകള്‍ക്ക് സാമുദായിക സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കിരോരി സിങ് ബെയ്ന്‍സ്ലയുടെ നേതൃത്വത്തില്‍ കോട്ടയില്‍ പ്രതിഷേധ ധര്‍ണ തുടങ്ങിയത്.
സര്‍ക്കാര്‍ സര്‍വിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേകമായി അഞ്ചു ശതമാനം സംവരണം വേണമെന്നാണ് ഗുജ്ജാറുകള്‍ ആവശ്യപ്പെടുന്നത്. ഗുജ്ജാറുകള്‍ക്ക് പുറമെ സംവരണം ആവശ്യപ്പെട്ട് റെയ്ക റിബാരി, ഗാഡിയ ലുഹാര്‍, ബെഞ്ചാര, ഗദാരിയ എന്നീ സമുദായങ്ങളും പ്രക്ഷോഭത്തിലാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്വിസുകളിലുമുള്ള സംവരണത്തില്‍ ഗുജ്ജാര്‍ നേതാവ് കിരോരി സിങ് ബെയ്ന്‍സ്ല നേരത്തെ നടത്തിയ സമരത്തില്‍ നിലപാട് വ്യക്തമാക്കാന്‍ 20 ദിവസം സമയം അനുവദിക്കുന്നുവെന്ന് സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു.
അന്ത്യശാസനം അവസാനിക്കുന്ന ദിവസമായിരുന്നു വെള്ളിയാഴ്ച.
എല്ലാ കാലത്തും സമുദായത്തെ വിഡ്ഢിവേഷം കെട്ടിക്കാന്‍ കഴിയില്ലെന്നും സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ബെയ്ന്‍സ്ല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."