ചുഴലിക്കാറ്റ്: കുറ്റ്യാടി മേഖലയില്‍ വ്യാപക നാശനഷ്ടം
കുറ്റ്യാടി: വേനല്‍ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങു വീണ് വീട് തകര്‍ന്നു. വേളം പഞ്ചായത്തിലെ പള്ളിയത്ത് കളങ്കിതാഴെക്കുനി നാരായണിയുടെ വീടാണു തകര്‍ന്നത്.
കഴിഞ്ഞദിവസം പുലര്‍ച്ചെയോടെയാണ് സംഭവം. ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീടിന്റെ മേല്‍ക്കൂരയില്‍ പതിക്കുകയായിരുന്നു. മേല്‍ക്കൂരയും ശൗച്യാലയവും പൂര്‍ണമായും തകര്‍ന്നു. സംഭവസ്ഥലം വേളം വില്ലജ് അധികൃതര്‍ സന്ദര്‍ശിച്ചു.
മരുതോങ്കര പഞ്ചായത്തിലെ നീറ്റുക്കോട്ടയില്‍ വ്യാപക കൃഷിനാശം. മഠത്തിനാല്‍ സാബു, മഠത്തിനാല്‍ ശരത് എന്നിവരുടെ കുലച്ചതും കുലക്കാത്തതുമായ 1500 ല്‍ പരം നേന്ത്രവാഴകള്‍ കാറ്റില്‍ നിലംപൊത്തി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ബാങ്കില്‍ നിന്നും മറ്റും വായ്പ എടുത്ത് നടത്തിയ കൃഷിയാണ് നശിച്ചത്. സംഭവ സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി, വൈസ് പ്രസിഡന്റ് സി.പി ബാബുരാജ്, കൃഷി ഓഫിസര്‍ മിഥുന്‍, വില്ലേജ് ഓഫിസര്‍ മോഹന്‍കുമാര്‍, വല്‍സന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
കൊയിലാണ്ടി മേഖലയില്‍ ചുഴലിക്കാറ്റില്‍ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് മേഖലയില്‍ വ്യാപകമായ നാശനഷ്ടം.
പന്തലായനി കോമത്തുകരയില്‍ വട്ടക്കണ്ടി ബാലന്റെ വീട്ടിലേയ്ക്കു മരം വീണ് ബാലനും ഭാര്യ ജാനകിക്കും പരിക്കേറ്റു. ചേലിയ മുത്തുബസാര്‍ പാലോട്ട് അഫ്‌സത്ത്, കൊല്ലേരി ആയിഷ, മമ്മദ്‌കോയ, കാളക്കനാരി ഗംഗാധരന്‍, കാളക്കനാരി കുമാരന്‍, ചാമപ്പറമ്പില്‍ ബാബു, ചെമ്പോളി നാരായണന്‍, ചേലിയ ഒതയോത്തു സുനില്‍, കലാപൊയില്‍ തുരുത്തില്‍ ബിജു, എളമ്പേരി ശിവദാസന്‍, പുല്ലാത്ത് വയല്‍ ശങ്കരന്‍, ഐ നയ കുറ്റ്യാടി ബാബു, ചേരി പുറത്ത് അനില്‍, കലോപൊയില്‍ കമ്മിളി അമ്മാളു അമ്മ തുടങ്ങിയവരുടെ വീടുകളാണു നശിച്ചത്. പൊയില്‍ക്കാവ് സ്‌കൂളിനു സമീപം തെങ്ങ് ട്രാന്‍സ്‌ഫോര്‍മറില്‍ വീണു.
നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ വടകര ആര്‍.ഡി.ഒ.വി.പി അബ്ദുള്‍ റഹ്മാന്‍, കൊയിലാണ്ടി തഹസില്‍ദാര്‍ പി.പ്രേമന്‍ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."