സെല്‍വം ജോര്‍ജ്; കേരള ഫുട്ബോളില്‍ ജ്വലിച്ചു നിന്ന പ്രതിരോധക്കാരന്
കണ്ണൂര്‍: കേരള ഫുട്ബോളിന്റെ മികച്ച പ്രതിരോധക്കാരനായിരുന്നു അന്തരിച്ച മുന്‍ കേരള ടീം ക്യാപ്റ്റന്‍ സെല്‍വം ജോര്‍ജ്. കളിമികവിലൂടെ കേരളത്തിന്റെ നായകസ്ഥാനത്തെത്തിയ ഈ കണ്ണൂരുകാരന് മൂന്നാംപീടികയിലെ യുണൈറ്റഡ് യങ്മെന്‍സ് ക്ലബിലൂടെയാണ് മൈതാനത്തെത്തുന്നത്. 15ാം വയസില്‍ പന്തുതട്ടി തുടങ്ങിയ സെല്വന് മികച്ച പ്രതിരോധത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്.
എതിരാളികളുടെ മുന്നേറ്റങ്ങള്‍ ഗോള്‍മുഖത്തു നിന്നും തട്ടിയകറ്റുന്നതില്‍ പ്രത്യേക കഴിവുണ്ടായിരുന്ന താരം. സ്പിരിറ്റഡ് യൂത്ത്സ് വഴി ലക്കിസ്റ്റാറിലും ജിംഖാന ക്ലബിലുമെത്തിയതോടെ സെല്‍വനിലെ പ്രതിഭ കേരളം തിരിച്ചറിഞ്ഞിരുന്നു. കണ്ണൂര്‍ ജില്ല ഇന്ത്യന്‍ ഫുട്ബോളിനു നല്കിയ അതുല്യ സംഭാവനകള്‍ക്കൊപ്പം സെല്‍വനും പേരെടുത്തു. എന്‍.ടി കരുണാകരന്, ഡിക്രൂസ്, കൊക്കേന്‍ പപ്പു, സി.പി ചന്ദ്രന് തുടങ്ങിയവര്‍ക്കൊപ്പം സെല്വന് ജോര്‍ജും കണ്ണൂരുകാരുടെ അഭിമാനമായി. 1970ല്‍ കളിക്കളം വിടുന്നതുവരെ പ്രതിരോധ കോട്ടയിലെ നായകനായിരുന്നു സെല്വന്. എട്ടു വര്‍ഷം ജിംഖാന താരമായിരുന്നു. 1964, 65, 66 വര്‍ഷങ്ങളിലെ ജിംഖാനയുടെ കുതിപ്പില്‍ നായകന് സെല്വനായിരുന്നു. 1950 മുതല്‍ 56വരെ മലബാര്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. 1957 മുതല്‍ 66വരെ സന്തോഷ് ട്രോഫിയില്‍ കേരള ടീമില്‍ ഇടംനേടി. 61ല്‍ കോഴിക്കോടു നടന്ന സന്തോഷ്ട്രോഫി സെമിയില്‍ കേരളം ബംഗാളിനോടു തോല്‍വി സമ്മതിച്ചപ്പോഴും സെല്‍വനിലെ പ്രതിഭ കാണികളുടെ മനസില്‍ മായാതെ നിന്നിരുന്നു.
കേരള ഫുട്ബോളിന്റെ വസന്തകാലത്തിന്റെ സംഭവനയായിരുന്ന സെല്വന് 1963ല്‍ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനത്തു നടന്ന പെന്റാംഗുലര്‍ കപ്പിലും കേരളത്തെ നയിച്ചിട്ടുണ്ട്. അന്തര്‍ ജില്ലാ ചാംപ്യന്‍ഷിപ്പില്‍ കണ്ണൂര്‍ സംസ്ഥാന ചാംപ്യരായപ്പോള്‍ സെല്‍വമായിരുന്നു ക്യാപ്റ്റന്‍. മുംബൈ റോവേഴ്സ് കപ്പ്, ആന്ധ്ര ടൂര്‍ണമെന്റ്, തമിഴ്നാട്ടിലെ കാരക്കുടി ടൂര്‍ണമെന്റ് എന്നിവയൊക്കെ സെല്‍വത്തിന്റെ മികച്ച കളി കണ്ട ടൂര്‍ണമെന്റുകളാണ്. കേരളത്തിന്റെ കാല്പന്തുകളിയുടെ പഴയകാല ഓര്‍മത്താളുകളില്‍ മായാത്ത മുഖങ്ങളിലൊന്നാണ് സെല്വന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."