ആലക്കോട് ടൗണിലെ നടപ്പാത കൈയേറ്റത്തിനും പാര്‍ക്കിങ്ങിനും പരിഹാരമായില്ല
ആലക്കോട്: ആലക്കോട് ടൗണിലെ നടപ്പാത കൈയേറിയുള്ള കച്ചവടത്തിനും അശാസ്ത്രീയ പാര്‍ക്കിങ്ങിനും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിക്കാതായതോടെ ദുരിതമനുഭവിക്കുന്നത് കാല്‍നടയാത്രികരാണ്.
സര്‍വകക്ഷി യോഗത്തില്‍ ഇത്തരം കൈയേറ്റ ഒഴുപ്പിക്കാന്‍ തീരുമാനമെടുത്തെങ്കിലും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ദിവസേന ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ആലക്കോട് ടൗണില്‍ എത്തുന്നത്. മെക്കാടം ടാറിങ് ചെയ്ത റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ നടപ്പാത മാത്രമാണ് കാല്‍നട യാത്രക്കാര്‍ക്കുള്ള ആശ്രയം.
ഈ ഭാഗങ്ങളിലായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും പതിവായതോടെ കാല്‍നടയാത്രക്കാരാണ് ഇതുകൊണ്ടു ബുദ്ധിമുട്ടുന്നത്. നടപ്പാതയിലൂടെ യാത്രചെയ്യാന്‍ സാധിക്കാത്തതിനാല്‍ ജീവന്‍ പണയംവച്ച് വേണം റോഡിലൂടെ കാല്‍നട യാത്രചെയ്യാന്‍.
ടൗണിലെ അശാസ്ത്രീയ പാര്‍ക്കിങ്ങും നടപ്പാത കൈയേറിയുള്ള അനധികൃത കച്ചവടം അവസാനിപ്പിക്കുമെന്ന് പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല.
ആലക്കോട് കുരിശു പള്ളിക്ക് സമീപം പൊതു സ്ഥലംകൈയേറി സ്ഥാപിച്ച ബോര്‍ഡ് വാഹനങ്ങളുടെ കാഴ്ച മറക്കുന്നത് അപകടത്തിനിടയാക്കുകയാണ്. ന്യൂ ബസാറിലെ ബസ് സ്റ്റോപ്പില്‍ ഇരു ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ നിര്‍ത്തിയിടുന്നത് മറ്റു വാഹനങ്ങള്‍ കടന്നു പോകാന്‍ തടസമാകുന്നുണ്ട്.
സ്‌കൂളിനു മുന്‍ വശത്തെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തേണ്ട ബസുകള്‍ പലപ്പോഴും റോഡിനു നടുവില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും പതിവാണ്. ലെഗേജുകള്‍ റോഡിനു നടുവില്‍ ഇറക്കിയിട്ട് കടന്നു പോകുന്ന ബസുകളും കൂടുതലാണ്. പരസ്യമായി നിയമ ലംഘനം നടത്തുന്ന ബസുടമകള്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."