കൊലയ്ക്കു ശേഷം പ്രതി പോയതെങ്ങോട്ട്?; ഇപ്പോഴും അവ്യക്തത
കൊച്ചി: ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി അമീറുല്‍ ഇസ്‌ലാം അസമിലേക്കു പോയിരുന്നോ എന്ന കാര്യത്തില്‍ അവ്യക്തത. ജിഷയെ കൊലപ്പെടുത്തിയ ഏപ്രില്‍ 28നു തന്നെ പെരുമ്പാവൂരില്‍നിന്നു പോയ പ്രതി പിറ്റേന്ന് ആലുവയില്‍നിന്ന് ട്രെയിനില്‍ അസമിലേക്കു പോയെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍, ജിഷ കൊല്ലപ്പെട്ടതിനു ശേഷം ഇയാള്‍ അസമിലെ വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ നല്‍കിയ മൊഴി.
ഏപ്രില്‍ ആദ്യം അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് അമീര്‍ കേരളത്തില്‍നിന്നു നാട്ടിലെത്തിയത്. ഒരാഴ്ച കഴിഞ്ഞു തിരിച്ചുപോകുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇതോടെ കൊലപാതകത്തിനു ശേഷം അമീറുല്‍ എവിടെയായിരുന്നുവെന്ന കാര്യത്തില്‍ പൊലിസിന് വ്യക്തത വരുത്തേണ്ടതുണ്ട്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമ്പോള്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നു പൊലിസ് പറയുന്നു.
ജിഷയുടെ കൊലപാതകത്തില്‍ ഈ പ്രതിക്കല്ലാതെ മറ്റാര്‍ക്കും നേരിട്ടു പങ്കില്ലെന്ന നിലപാടിലുറച്ചാണ് അന്വേഷണസംഘം നീങ്ങുന്നത്്. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രതിക്കു ജിഷയുമായി അടുപ്പമുണ്ടായിരുന്നെന്ന വാദവും അദ്ദേഹം തള്ളി.
പ്രതിക്കു ജിഷയോടു തോന്നിയ ലൈംഗിക അഭിനിവേശവും ജിഷയുടെ ചെറുത്തുനില്‍പ്പുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലിസ് ഇപ്പോള്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."