മന്ത്രിസഭായോഗ തീരുമാനങ്ങളും വിവരാവകാശനിയമത്തിന്റെ പരിധിയില്‍
തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങളും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നു മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം.പോള്‍ ഉത്തരവിട്ടു. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ തീരുമാനങ്ങളാവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടാണു കമ്മിഷന്‍ ഉത്തരവിറക്കിയത്.
കഴിഞ്ഞ സര്‍ക്കാരിനു കീഴിലെ അവസാന മൂന്നുമാസത്തെ മന്ത്രിസഭ തീരുമാനങ്ങള്‍ ആവശ്യപ്പെട്ടു ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി.ബിനു നല്‍കിയ അപേക്ഷ നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരസിച്ചിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ ഇടതുസര്‍ക്കാരും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശപ്രകാരം നല്‍കുന്നതിനെ എതിര്‍ക്കുകയും അപേക്ഷ നിരസിക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്നാണ് മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം.പോള്‍ വിഷയത്തില്‍ ഇടപെട്ടത്. മെത്രാന്‍കായല്‍, സന്തോഷ് മാധവന്‍ ഭൂമിദാനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലയളവില്‍ ഉയര്‍ന്നത്. അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലയളവിലെ മന്ത്രിസഭാ തീരുമാനങ്ങള്‍ ഉപസമിതി രൂപീകരിച്ചു പരിശോധിച്ചുവരികയാണ്.
2016 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 12 വരെയുള്ള മന്ത്രിസഭാ യോഗങ്ങളുടെ അജന്‍ഡ, മിനിറ്റ്‌സ്, നടപടികള്‍ എന്നിവ ആവശ്യപ്പെട്ടു പരാതിക്കാരന്‍ പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍, വിവരാവകാശ നിയമത്തിലെ (8) (1) വകുപ്പ് അനുസരിച്ച് മന്ത്രിസഭാ അജന്‍ഡ, മിനിറ്റ്‌സ് എന്നിവ നിയമത്തിന്റെ പരിധിക്കു പുറത്താണെന്ന മറുപടിയാണു നല്‍കിയത്. മന്ത്രിസഭാ തീരുമാനങ്ങള്‍ വകുപ്പുകളിലേക്ക് അയക്കുകയാണു പതിവെന്നും തീരുമാനം നടപ്പാക്കിയോ ഇല്ലയോ എന്ന് അറിയാനാകില്ലെന്നും മറുപടിയില്‍ പറഞ്ഞിരുന്നു. അതിനാല്‍, മന്ത്രിസഭാ തീരുമാനം നടപ്പായോ എന്നറിയാന്‍ അതതു വകുപ്പുകളുടെ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരുമായി ബന്ധപ്പെടണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.
ഇതിനെതിരായ അപ്പീലും തള്ളിയതോടെയാണു പൊതുഭരണ സെക്രട്ടറി, അപ്പീല്‍ അധികാരി എന്നിവരെ എതിര്‍ കക്ഷികളാക്കി വിവരാവകാശ കമ്മിഷണറെ സമീപിച്ചത്.
വിജിലന്‍സും വിവരാവകാശ പരിധിയില്‍ വരണം: ജേക്കബ് തോമസ്
തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍നിന്ന് പുറത്താക്കിയ കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കമ്മിഷണര്‍ ജേക്കബ് തോമസ് ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കത്തുനല്‍കി.
കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയും നിയമപോരാട്ടങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പിഴവുപറ്റിയതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞസര്‍ക്കാരിന്റെ കാലത്തുനടന്ന മന്ത്രിസഭാ യോഗംതന്നെ ഉത്തരവ് റദ്ദാക്കിയിരുന്നു.
എന്നാല്‍, അതിനുശേഷവും വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു മറുപടി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സും ആംആദ്മി പാര്‍ട്ടിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് റദ്ദാക്കിയെന്നാണ് സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
ഉത്തരവ് റദ്ദാക്കിയെന്നു പരസ്യമായി പറയുമ്പോഴും വിജിലന്‍സിനു നല്‍കിയ ഓഫിസ് മെമ്മോറാണ്ടം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച ഒരു അപേക്ഷയ്ക്കും വിജിലന്‍സ് മറുപടി നല്‍കിയിരുന്നില്ല. പ്രത്യേകിച്ച് ബാര്‍കോഴ സംബന്ധിച്ച കേസിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു.
അതിനിടെ, വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിയ്ക്ക് നല്‍കിയ കത്ത് ഇന്ന് നടക്കുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."