ജില്ലയില്‍ 17 പഞ്ചായത്തുകളില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതിക്ക് തുടക്കം
മഞ്ചേരി: ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിനു വരുംനാളുകളില്‍ വെള്ളം കരുതലോടെ സൂക്ഷിക്കുന്നതിനു പര്യാപ്തമാകുന്ന കിണര്‍ റീചാര്‍ജിങ് പദ്ധതിയുടെ പ്രരംഭ നടപടികള്‍ക്കു ജില്ലയില്‍ തുടക്കമായി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തൊട്ടാകെ 142 പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും ഇതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്.
ഊര്‍ങ്ങാട്ടിരി, കാളികാവ്, പുളിക്കല്‍, മാറാക്കര, ആനക്കയം, കൂട്ടിലങ്ങാടി, എടക്കര, താഴെക്കോട്, ആലംങ്കോട്, എടപ്പാള്‍, നിറമരുതൂര്‍, വെട്ടം, പുറത്തൂര്‍, മൂന്നിയൂര്‍, നന്നമ്പ്ര, കണ്ണമംഗലം, തൃക്കലങ്ങോട് തുടങ്ങി പതിനേഴു പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. വേനല്‍മഴയിലൂടെ ലഭിക്കുന്ന വെള്ളം ഉള്‍പ്പെടെ ഒരു തുള്ളിപോലും പാഴാക്കാതെ കിണറുകളിലേക്കു ശേഖരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടന്നുവരുന്നത്.
ജില്ലയില്‍ 51,000 കുടുംബങ്ങളില്‍ സര്‍വേ നടപടികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. ഇതില്‍ 12,000 കുടുംബങ്ങളില്‍നിന്ന് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിലെ 104 കിണറുകള്‍ റീചാര്‍ജിങ്ങിനുള്ള സംവിധാനവും പൂര്‍ത്തീകരിച്ചതായി അധികൃതര്‍ പറഞ്ഞു. പഞ്ചായത്തുകള്‍വഴിയാണ് സര്‍വേ പൂര്‍ത്തീകരിക്കുന്നത്. ഇതുപ്രകാരം വേനല്‍ക്കാലങ്ങളില്‍ വേഗത്തില്‍ വെള്ളം വറ്റിത്തീരാറുള്ള കിണറുകളെ ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തുടര്‍ന്നു മറ്റു കിണറുകളെക്കൂടി പദ്ധതിയുടെ ഭാഗമാക്കാനുമാണ് നിര്‍ദേശം. അടുത്ത വര്‍ഷത്തോടെ ജില്ലയിലെ മുഴുവന്‍ കിണറുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഒരോ പഞ്ചായത്തുകളിലുംനിന്നും ആയിരകണക്കിന് അപേക്ഷകരാണ് ഇതിനായി മുന്നോട്ടുവന്നിരിക്കുന്നത്. പുരപ്പുറത്തു വീഴുന്ന മഴവെള്ളത്തെ കണ്‍വെയന്‍സ് പൈപ്പ്, ഇന്‍ലെറ്റ് വാല്‍വ് എന്നിവവഴി താഴെയെത്തിക്കുകയും തുടര്‍ന്നു മണല്‍, കരി തുടങ്ങിയ പരമ്പരാഗത രീതി അനുസരിച്ച് വെള്ളം ശുദ്ധീകരിച്ച് പൈപ്പ് വഴി കിണറിലേക്കു ശേഖരിക്കുകയാണ് ചെയ്യുക. മേല്‍ക്കൂരയില്‍നിന്നു വന്നുചേരാന്‍ സാധ്യതയുള്ള മാലിന്യങ്ങളെ വേര്‍തിരിച്ച ശേഷം കിണറിലേക്കു ശേഖരിക്കുന്നതിനാല്‍ ശുദ്ധമായ വെള്ളം കരുതിവയ്ക്കാന്‍ കഴിയും.
ഒരു വര്‍ഷം പുരപ്പുറത്തു പെയ്യുന്ന മഴ വെള്ളം ശേഖരിക്കുകയാണങ്കില്‍ രണ്ടു വര്‍ഷത്തേക്കുവരെ ഉപയോഗപ്പെടുത്താനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒരോ വര്‍ഷങ്ങളിലും ഇത്തരം മഴവെള്ളം കടലിലും പുഴയിലും ചെന്നുചേരുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."