ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പാതയോരത്ത് തള്ളുന്നതിനെതിരേ പ്രതിഷേധം
കോഴിക്കോട്: നഗരപരിധിയില്‍ നിന്നു നീക്കം ചെയ്ത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മലാപ്പറമ്പ് ജങ്ഷനു സമീപത്തെ ഒഴിഞ്ഞസ്ഥലത്ത് നിക്ഷേപിക്കാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. നഗരം വൃത്തിയാക്കുന്നതിനും കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനുമായി പരസ്യബോര്‍ഡുകളും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.
ഇതെല്ലാം ശേഖരിച്ച് വാഹനത്തിലാക്കി ഹരിത നഗര്‍ കോളനിയിലും മലാപ്പറമ്പ് വേദവ്യാസ സ്‌കൂളിനു സമീപത്തും കൊണ്ടിട്ട് ലേലം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഡെപ്യൂട്ടി കലക്ടറെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ ഫ്‌ളക്‌സുകള്‍ ഇവിടെ കൂട്ടിയിട്ടതോടെ നാട്ടുകാരും വിവിധ റെസിഡന്‍സ് അസോസിയേഷനുകളും പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടൂളി 25ാം വാര്‍ഡില്‍പ്പെട്ട സ്ഥലമാണിത്. ചേവായൂര്‍ പൊലിസ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കൗണ്‍സിലര്‍ കെ.ടി സുഷാജ്, എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.
മൂന്നുദിവസത്തിനകം ബോര്‍ഡുകള്‍ സ്ഥലത്തുനിന്നും നീക്കുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. മാലിന്യം ഇവിടെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
ഫ്‌ളക്‌സുകള്‍ രാത്രിയില്‍ മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതു നാട്ടുകാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.
തുടര്‍ന്ന് ഇന്നലെ ഉച്ചവരെ ശേഖരിച്ച് പ്ലാസ്റ്റിക്കുകളും ബോര്‍ഡുകളും മലാപ്പറമ്പ് പ്രൊവിഡന്‍സ് കോളജിനു സമീപത്തെ ഒഴിഞ്ഞസ്ഥലത്ത് കൂട്ടിയിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."