മെഡിക്കല്‍ കോളജുകളില്‍ ആധുനിക സംവിധാനമൊരുക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആധുനിക ചികിത്സാ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ സ്റ്റുഡന്‍സ്
സപ്പോര്‍ട്ട് സ്‌കീം ഉദ്ഘാടനവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ബുക്ക് അലവന്‍സ് വിതരണവും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ കോളജുകളില്‍ നിലവിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ കേന്ദ്രസഹായം നേടിയെടുക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പെടെയുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ജനങ്ങളുടെ ആരോഗ്യവിവരങ്ങളും ഭക്ഷണക്രമവും ചര്‍ച്ച ചെയ്ത് ജീവിതശൈലീരോഗങ്ങളെ അകറ്റിനിര്‍ത്താന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. എല്ലാ ജില്ലാ ആശുപത്രികളെയും സൂപ്പര്‍സ്‌പെഷ്യാലിറ്റി സൗകര്യമൊരുക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും. വിദ്യാര്‍ഥികള്‍ പാഠ്യേതര വിഷയങ്ങള്‍ക്ക് ഉപരിയായി
കുടുംബപ്രശ്‌നങ്ങള്‍ പഠിക്കാനും ശ്രമിക്കണം. വിദ്യാര്‍ഥികള്‍ക്കു നേരെ നടന്നുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ കലാലയങ്ങളില്‍ നല്ല ചര്‍ച്ച ഉയര്‍ന്നുവരണം. ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ വേഗത്തില്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ബുക്ക് അലവന്‍സ് വിതരണം ആരോഗ്യ മന്ത്രി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന് നല്‍കി നിര്‍വഹിച്ചു. യോഗത്തില്‍ വൈസ്ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ അധ്യക്ഷനായി. ഡോ എ. നളിനാക്ഷന്‍ സ്വാഗതം പറഞ്ഞു. ഡോ. എ. റംലാബീവി, ഡോ. ടി ശിവദാസ്, ഡോ. ഇ. നിഷപോള്‍, അമല്‍ അഹമ്മദ്, ഗ്ലോയി അഗസ്റ്റിന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."