പെരുന്തേനീച്ചയുഅടെ ആക്രമണം തൊടുപുഴ മേഖലയില്‍ പതിവാകുന്നു
തൊടുപുഴ: നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പെരുന്തേനീച്ചയുടെയും കടന്നലിന്റെയും കുത്തേല്‍ക്കുന്നതു പതിവാകുന്നു. കഴിഞ്ഞ ദിവസം ഉടുമ്പന്നൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നലിന്റെ കുത്തേറ്റിരുന്നു. രാമക്കല്‍മേട്ടില്‍ അന്‍പതോളം സഞ്ചാരികള്‍ക്കാണു പെരുന്തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റത്. രാമക്കല്‍മേട്ടിലെ പ്രധാന വ്യൂ പോയിന്റിനു സമീപമാണ് സഞ്ചാരികള്‍ക്കു നേരെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞയാഴ്ച ഉപ്പുകുന്നില്‍ തൊഴിലുറപ്പു ജോലിക്കിടെ 14 പേര്‍ക്കു പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പൊട്ടന്‍കാടില്‍ ഏലത്തോട്ടത്തില്‍ പണിക്കിടെ കടന്നല്‍ക്കുത്തേറ്റു തൊഴിലാളി സ്ത്രീ മരിച്ചിരുന്നു.
കാക്ക കടന്നല്‍ കൂട് കൊത്തിയിട്ടതായിരുന്നു കാരണം. കല്ലാര്‍ കുരിശുപാറയില്‍ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ കടന്നല്‍ക്കുത്തേറ്റു യുവാവ് മരിച്ചതു ഡിസംബറിലാണ്. ഇതിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണു കാഞ്ഞാര്‍ കൂവപ്പള്ളിയില്‍ പുല്ലുചെത്താന്‍ പോയ വീട്ടമ്മ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചത്.
മാട്ടുപ്പെട്ടിയില്‍ ബോട്ടിങ് നടത്താന്‍ ടിക്കറ്റെടുത്തു നില്‍ക്കുന്നതിനിടെ തേനീച്ചയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വിനോദസഞ്ചാര സംഘത്തിലെ 16 പേര്‍ക്കു പരുക്കേറ്റതു രണ്ടുമാസം മുന്‍പാണ്. ഇത്തരത്തില്‍ അനവധി സംഭവങ്ങള്‍ സമീപകാലത്തു ജില്ലയില്‍ നടന്നു. വലുപ്പത്തില്‍ ചെറുതാണെങ്കിലും കടന്നല്‍ അപകടകാരിയാണ്.
പ്രത്യേകിച്ചും കൂട്ടമായി ആക്രമിക്കുമ്പോള്‍. കടന്നലുകളുടെ സൈ്വര്യവിഹാരം തടസപ്പെടുമ്പോഴാണ് ഇവ മനുഷ്യരെ ഉപദ്രവിക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു. വനാന്തരങ്ങളിലാണ് ഇവ കൂടുതലായി കൂടു കൂട്ടുന്നത്. ഇതോടൊപ്പം വനമേഖലയോടടുത്തുള്ള പ്രദേശങ്ങളിലും കൂടു കൂട്ടാറുണ്ട്.
ജില്ലയില്‍ ഹൈറേഞ്ച് മേഖലയിലാണു കടന്നല്‍ക്കൂട്ടത്തെ ധാരാളമായി കാണുന്നത്. ഏലത്തോട്ടങ്ങളിലെ വന്‍വൃക്ഷങ്ങള്‍ കടന്നല്‍ക്കൂട്ടങ്ങളുടെ താവളമാകാറുണ്ട്.
മൂന്നാറില്‍ തേയിലത്തോട്ടങ്ങളില്‍ തേനീച്ചകളും കടന്നലുകളും തൊഴിലാളികള്‍ക്കു ഭീഷണിയാവുന്നു.
ജില്ലയില്‍ ജലവൈദ്യുതി പദ്ധതികളുടെ ഭാഗമായുള്ള അണക്കെട്ടുകളുമായി ബന്ധപ്പെട്ടു കടന്നലുകളെ ധാരാളമായി കാണുന്നുണ്ട്. ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ പരിശോധനയ്‌ക്കെത്തിയ വൈദ്യുതി ബോര്‍ഡ് ഉന്നതതല സംഘത്തിനു കടന്നല്‍ കുത്തേറ്റിരുന്നു. പലയിടത്തും ജനവാസ മേഖലയോടു ചേര്‍ന്നുള്ള കടന്നല്‍ക്കൂടുകള്‍ രാത്രികാലത്തു നാട്ടുകാര്‍ സംഘടിച്ചു കത്തിക്കുകയാണു ചെയ്യുന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."