അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 'ടി 3' ഇന്ന് നാടിന് സമര്‍പ്പിക്കും
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ 'ടി 3' ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഇതോടൊപ്പം രണ്ട് പ്രധാന സംരംഭങ്ങള്‍കൂടി ഉദ്ഘാടനം ചെയ്ത് നെടുമ്പാശ്ശേരി സിയാല്‍ വീണ്ടും ശ്രദ്ധേയമാകുകയാണ്. ദേശീയ പാതയില്‍ അത്താണിയില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാതയും മേല്‍പ്പാലവും ഗതാഗതത്തിന് തുറന്നുകൊടുക്കല്‍, സൗരോര്‍ജ വൈദ്യുതി ഉല്‍പാദന ശേഷി വര്‍ധിപ്പിക്കലിന്റെ ഒന്നാംഘട്ടം എന്നീ സംരംഭങ്ങളാണ് 'ടി 3' യോടൊപ്പം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
നിര്‍മാണം തുടങ്ങി മൂന്നുവര്‍ഷത്തിനകം 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള അന്താരാഷ്ട്ര ടെര്‍മിനലാണ് സിയാല്‍ പൂര്‍ത്തിയാക്കിയത്. കേരളത്തിന്റെ തനത് വാസ്തുഭംഗിയും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവള സജ്ജീകരണങ്ങളും കോര്‍ത്തിണക്കിക്കൊണ്ടാണ് ടി 3 യുടെ നിര്‍മാണം പൂര്‍ത്തിയായത്. താരതമ്യേന കുറഞ്ഞ ചെലവില്‍, ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതിന് എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം സിയാലിന് ലഭിച്ചിട്ടുണ്ട്.
850 കോടി രൂപ മുടക്കിയാണ് സിയാല്‍, ടി3 പണികഴിപ്പിച്ചത്. വിമാനത്താവള ഓപ്പറേഷന് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണ് മേല്‍പ്പറഞ്ഞ 850കോടി രൂപയില്‍ 213 കോടി രൂപ ചെലവിട്ടത്. അതായത് കേന്ദ്രീകൃത എയര്‍ കണ്ടിഷനിങ്,എസ്‌കലേറ്റര്‍, എലിവേറ്റര്‍, മൂവിങ് വാക്ക് വേ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍.
15ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ടെര്‍മിനല്‍ നിര്‍മാണത്തിന് 637 കോടി രൂപ മാത്രമാണ് ചെലവിട്ടത്. ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്ന ദേശീയ പാതയില്‍ നിന്നും വിമാനത്താവളം വരെയുള്ള നാലുവരിപാതക്ക് 4.3കിലോമീറ്ററാണ് നീളം. മേല്‍പ്പാലത്തിന്റെ നീളം686 മീറ്റര്‍. മൊത്തം 98 കോടി രൂപ മുതല്‍ മുടക്കിലാണ് സിയാല്‍ നാലുവരിപ്പാതയും മേല്‍പ്പാലവും പണികഴിപ്പിച്ചിട്ടുള്ളത്.
സൗരോര്‍ജ വൈദ്യുതി ഉല്‍പാദന ശേഷി വര്‍ധിപ്പിക്കലാണ് മറ്റൊരു സംരംഭം. നിലവില്‍ സിയാലിന്റെ വിവിധ സൗരോര്‍ജ പാനലുകളുടെ മൊത്തം സ്ഥാപിതശേഷി 15.5 മെഗാവാട്ടാണ്. ഇത് 21.5 മെഗാവാട്ടായി ഉയര്‍ത്താനാണ് ഒന്നാംഘട്ട വികസനത്തില്‍ ലക്ഷ്യമിടുന്നത്.
പുതിയ ടെര്‍മിനലിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ക്ക് മേല്‍ക്കൂരയാകുന്ന രീതിയിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും. മന്ത്രി മാത്യു ടി തോമസ് മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി വി.എസ് സുനില്‍കുമാര്‍, എം.എ യൂസഫലി, വി.ജെ കുര്യന്‍, എ.എം ഷെബീര്‍, എം.പി.മാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."