ആദിവാസി യുവാവിന് പീഡനം: പൊലിസിനെതിരേ പ്രതിഷേധം
കോതമംഗലം: ആദിവാസി യുവാവിന് പൊലിസ് പീഡനമേറ്റ സംഭവത്തില്‍ പൊലിസിനുനേരെ പ്രതിഷേധം.
കുട്ടമ്പുഴ പിണവൂര്‍ കുടി ആനന്ദന്‍ കുടിയിലെ കൃഷ്ണ(35)നെയാണ് താലൂക്ക് ലീഗല്‍ സര്‍വിസസ് പരാലീഗല്‍ വളണ്ടിയര്‍ വല്‍സ ബിനുവും ബന്ധുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
കൃഷ്ണന്റെ അയല്‍വാസിയും കുട്ടമ്പുഴ പൊലിസും ചേര്‍ന്ന് ഇയാളെയും ഭാര്യയെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ഭയം മൂലം നേര്യമംഗലം വനമേഖലയിലെ പാറ പുറത്ത് ഒരു മാസമായി ഒളിവില്‍ കഴിഞ്ഞുവരികയാണെന്നും കൃഷ്ണന്‍ പരാതിയില്‍ പറയുന്നു.
കൃഷ്ണന്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഭാര്യ നിര്‍മല പിണവൂര്‍ കുടി കുടുബശ്രീയില്‍ പരാതി നല്‍കി. സംഭവത്തെ കുറിച്ച് പുറത്തറിയുന്നത് ഇതോടെയാണ്.
തുടര്‍ന്നാണ് ജനവാസ കേന്ദ്രത്തില്‍ നിന്നും 10 കി.മീ.അകലെയുള്ള കൊടും വനത്തിനുള്ളില്‍ നിന്നും കൃഷ്ണനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എ.എം ബഷീര്‍ ഇന്നലെ ഉച്ചയോടെ കോതമംഗലത്തെത്തി.
താലൂക്കാശുപത്രിയില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെ സന്ദര്‍ശിച്ചു. വിദഗഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനും, യുവാവിന് കോടതിയില്‍ കേസ് നടത്തുന്നതിന് അഭിഭാഷകനെ ഏര്‍പ്പാട് ചെയ്യാനും അദ്ദേഹം നിര്‍ദേശം നല്‍കി.
സബ് ജഡ്ജിയുടെ സന്ദര്‍ശനത്തിന് പിന്നാലെ പൊലിസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തി.
സ്‌പെഷ്യല്‍ ബ്രാഞ്ചും സംഭവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് എറണാകുളം റൂറല്‍ എസ്.പിക്ക് കൈമാറിയിട്ടുണ്ട്. യുവാവിനെ അകാരണമായി പീഡിപ്പിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."