ദേശീയപാത അലൈന്‍മെന്റ് സംയുക്ത പരിശോധന നടത്തി
കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി സംയുക്ത പരിശോധന നടന്നു. ദേശീയപാതയുടെ അലൈന്‍മെന്റ് സംബന്ധിച്ച് ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തിലായിരുന്നു പരിശോധന നടന്നത്. ഇരുവശങ്ങളില്‍ നിന്നും തുല്യമായി സ്ഥലം ഏറ്റെടുക്കണമെന്നതുള്‍പ്പടെയുള്ള നിരവധി പരാതികള്‍ ഇതിനകം സര്‍ക്കാരിന് ലഭിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം സംയുക്ത പരിശോധന നടന്നത്. ദേശീയപാത വിഭാഗം, പി.ഡബ്ല്യു.ഡി, റവന്യൂ വിഭാഗങ്ങള്‍ സംയുക്തമായാണ് ഓച്ചിറ മുതല്‍ നീണ്ടകര വരെ പരിശോധിച്ചത്. കരുനാഗപ്പള്ളി ടൗണിലെ ആരാധനാലയങ്ങള്‍, ആശുപത്രി, സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ സംരക്ഷിച്ചു കൊണ്ടുള്ള അലൈന്‍മെന്റ് വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
ദേശീയപാതയുടെ ഇരു ഭാഗങ്ങളിലുമുള്ള സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം നിശ്ചയിക്കപ്പെട്ട സെന്‍ട്രല്‍ പോയിന്റിനെ അടിസ്ഥാനമാക്കിയാണ് അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌കൂളുകള്‍, താലൂക്ക് ഓഫിസ് എന്നിവയുടെ നഷ്ടം പരമാവധി കുറയ്ക്കുന്ന തരത്തില്‍ നേരിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. സംയുക്ത പരിശോദന സംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കും. ഡെപ്യൂട്ടി കലക്ടര്‍ സുമീതന്‍ പിള്ള, ദേശീയപാത വിഭാഗം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഹരികുമാര്‍, ദേശീയപാത വികസനത്തിനായി സര്‍വ്വേ നടത്തിയ ഏജന്‍സി പ്രതിനിധി ഗോപകുമാര്‍, പി.ഡബ്ല്യു എന്‍.എച്ച് വിഭാഗം എന്‍ജിനീയര്‍ എസ്. ദീപ, മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. കൃഷ്ണകുമാര്‍ സംയുക്ത നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."