പരാതിപരിഹാരം: മുഖ്യമന്ത്രിയുടെ ഓഫിസില്‍ പുതിയ സംവിധാനം വരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരിട്ടുനല്‍കുന്ന പരാതികളില്‍ പരിഹാരം കാണാന്‍ പുതിയ സംവിധാനം വരുന്നു. ജില്ലാ കലക്ടറേറ്റുകള്‍ അടക്കമുള്ള ഓഫിസുകളില്‍ പരിഹാരം കാണാന്‍ സാധിക്കാത്ത പരാതികളില്‍ ഉടനടി തീര്‍പ്പ് കല്‍പ്പിക്കുന്ന സംവിധാനമാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സജ്ജമാക്കുന്നത്. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെ തയാറാക്കിവരികയാണ്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ എത്തുന്ന വ്യക്തി സെക്രട്ടേറിയറ്റിലെ സന്ദര്‍ശക സഹായ കേന്ദ്രത്തില്‍ പേരും മറ്റ് കാര്യങ്ങളും രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ തന്നെ പരാതിയുടെ ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരം ഇതിനായി നിയമിച്ച ഉദ്യോഗസ്ഥന് അറിയാന്‍ സാധിക്കും.
ഇതിനായി 30 മിനുട്ടെടുക്കും. താലൂക്ക് , ജില്ലാതലം എന്നിവിടങ്ങളില്‍ പരാതി സംബന്ധിച്ച് നടത്തിയ കത്തിടപാടുകള്‍, നേരിട്ടു സമര്‍പ്പിച്ച രേഖകള്‍, പരാതിയില്‍ തര്‍ക്കമോ, മറ്റ് നിയമപ്രശ്‌നങ്ങളോ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഞൊടിയിടയ്ക്കുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയും.
തുടര്‍ന്നു പരാതിക്കാരനില്‍ നിന്നു കൂടുതല്‍ തെളിവുകളോ, റിപ്പോര്‍ട്ടുകളോ ശേഖരിച്ചശേഷം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കും. ഇതിനിടയില്‍ പരാതിയുടെ പൂര്‍ണവിവരവും ഏറ്റവും ഒടുവിലത്തെ സ്ഥിതിയും ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. പരാതിയുമായി വരുന്ന വ്യക്തിയെ പേരെടുത്തു സ്വാഗതം ചെയ്യുന്ന മുഖ്യമന്ത്രി നേരിട്ടു വിവരങ്ങള്‍ ആരായും. എന്നാല്‍ ആദ്യമായി മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ എത്തുന്നവര്‍ക്ക് നേരിട്ടു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പരാതി ബോധിപ്പിക്കാം. പുതിയ സംവിധാനം വഴി സംശയനിഴലിലുളളവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്നതു തടയാന്‍ സാധിക്കുമെന്നും സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു.
ഇതിനായി സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളില്‍ നിന്നും വിവരം ശേഖരിച്ചു വരികയാണ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍, സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍, പെണ്‍വാണിഭം, കള്ളനോട്ട് ഇടപാട്, റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ളവര്‍, മറ്റ് ക്രമവിരുദ്ധ ഇടപാടില്‍ ഏര്‍പ്പെട്ടവര്‍ എന്നിവരുടെ പട്ടിക തയാറാക്കി പുതിയ സോഫ്റ്റ് വെയറില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയയും പുരോഗമിച്ചു വരുകയാണ്. പുതിയ സംവിധാനം എത്രയും പെട്ടന്ന് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."