സര്‍ക്കാരിനെ ആശ്രയിച്ച് മാത്രം വികസനമെന്ന മനോഭാവം മാറ്റണം: മുഖ്യമന്ത്രി
നെടുമ്പാശ്ശേരി: സര്‍ക്കാരിനെ ആശ്രയിച്ച് മാത്രം അടിസ്ഥാന സൗകര്യ വികസനം ഒരുക്കുക എന്ന മനോഭാവത്തിന് ലോകത്താകമാനം മാറ്റം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ 'ടി-3', വിമാനത്താവളത്തിലെ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കല്‍, ദേശീയപാതയില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള നാലുവരി പാതയുടെയും മേല്‍പാലത്തിന്റെയും ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ കൂട്ടായ്മയിലൂടെ വികസന ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുക എന്ന രീതി നല്ല നിലയില്‍ തന്നെ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ജന പങ്കാളിത്തത്തിലൂടെ വിമാനത്താവളം പോലെയുള്ള വലിയ കാര്യങ്ങളും യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് സിയാലിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചു.
രാജ്യത്തിന് തന്നെ അഭിമാനകരമായ മാതൃകയാണ് സിയാലിലൂടെ കൈവരിക്കാന്‍ കഴിഞ്ഞത്. അര്‍പ്പണ മനോഭാവവും ക്രിയാത്മകമായ ആസൂത്രണവുമാണ് സിയാലിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട് മറ്റൊരു വിമാനത്താവളം കൂടി ആരംഭിക്കാനുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഡോ. തോമസ് ഐസക്ക് അധ്യക്ഷനായി. മന്ത്രിമാരായ മാത്യു ടി തോമസ് വി.എസ് സുനില്‍കുമാര്‍, കെ.വി തോമസ് എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, വി.ഡി സതീശന്‍, ഹൈബി ഈഡന്‍, മുന്‍ എം.പി പി രാജീവ്, സിയാല്‍ എം.ഡി വി.ജെ കുര്യന്‍, എക്‌സി.ഡയറക്ടര്‍ എ.എം ഷബീര്‍, ഡയറക്ടര്‍ എം.എ യൂസഫലി, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍, എം.എ ഗ്രേസി, മിനി എല്‍ദോ, അല്‍ഫോന്‍സ വര്‍ഗ്ഗീസ്, എം.പി ലോനപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."