അനധികൃത കൈയ്യേറ്റം നഗരസഭ ഒഴിപ്പിച്ചു
പാലക്കാട് : മേലാമുറി - ടിബി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനധികൃത കൈയ്യേറ്റം നഗരസഭ ഒഴിപ്പിച്ചു. ഈ റോഡിനായി ബിജെപി പോരാട്ടം ആരംഭിച്ചിട്ട് വര്‍ഷം ഏറെയായി. പഴയ ഹോട്ടല്‍ ദേവപ്രഭയുടെ സമീപത്ത് കൂടിയാണ് ടി.ബി റോഡിലേക്കുള്ള പ്രവേശന മാര്‍ഗം. ഈ സ്ഥലം സ്വകാര്യ ജ്വല്ലറി ഗ്രൂപ്പിന് കൈമാറിയപ്പോള്‍ ആറ് സെന്റ് സ്ഥലം നഗരസഭക്ക് സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ അവരത് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് റോഡ് നിര്‍മാണം അനിശ്ചിതത്വത്തിലായി. പുതിയ ഉടമസ്ഥര്‍ സ്ഥലത്ത് മതില്‍കെട്ടുകയും ചെയ്തു. പിന്നീട് നഗരസഭ മതില്‍ പൊളിച്ചെങ്കിലും അവര്‍ വീണ്ടും കെട്ടുകയായിരുന്നു.
നഗരസഭക്ക് അനുകൂലമായി കഴിഞ്ഞ ദിവസം ഹൈകോടതി വിധി വന്നത് ഏറെ ആശ്വാസമായി. കഴിഞ്ഞ ബജറ്റില്‍ ഈ റോഡിനായി 53കോടി രൂപ അനുവദിച്ചിരുന്നു. റോഡിന്റെ പണിപ്പൂര്‍ത്തിയാകുന്നതോടെ വലിയങ്ങാടിയുടെ മുഖഛായ മാറും. ചെയര്‍പേഴ്്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് വി.എ.സുള്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് മതില്‍ പൊളിച്ചു നീക്കല്‍ ആരംഭിച്ചത്.
കൗണ്‍സിലര്‍മാരായ എം.സുനില്‍, സൈതലവി, ജയേഷ്, അബ്ദുള്‍ ഷുക്കൂര്‍, സുഭാഷ്, മീനാക്ഷി, മോഹന്‍ശങ്കര്‍, അസി.എക്‌സി എന്‍ജിനിയര്‍ മോറിസ്, എ.ഇമാരായ സ്വാമിദാസി, ശിവദാസ് വെള്ളിയങ്കിരി, ബീന, സ്മിത, ഹെഡ് സൂപ്പര്‍വൈസര്‍ ബുധരാജ്, എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."