മധുര വൈവിധ്യങ്ങളുമായി മാമ്പഴപ്രദര്‍ശനം ആരംഭിച്ചു
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇന്ത്യയിലെ വിവിധയിനം മാമ്പഴയിനങ്ങളുടെയും അപൂര്‍വ സങ്കരയിനങ്ങളുടെയും മനംമയക്കുന്ന രുചിഭേദങ്ങള്‍ അനുഭവിച്ചറിയാന്‍ കോഴിക്കോട് ചെറൂട്ടി റോഡിലെ ഗാന്ധിപാര്‍ക്കില്‍ പ്രദര്‍ശനവും വില്‍പനയും തുടങ്ങി. കാലിക്കറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി, മുതലമട അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കോപറേറ്റിവ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന പ്രദര്‍ശനമാണ് മാമ്പഴപ്രേമികള്‍ക്കായി വൈവിധ്യങ്ങളുടെ പുതിയ ലോകം തീര്‍ക്കുന്നത്. അല്‍ഫോണ്‍സ, കുദാദത്ത്, ബംഗനപ്പള്ളി, കാലപ്പാടി തുടങ്ങിയവയും പ്രമേഹ രോഗികള്‍ക്കു പോലും കഴിക്കാവുന്ന ബാങ്കളോറ, പ്രിയോര്‍ ഇനങ്ങളും രുചിഭേദത്തില്‍ വൈവിധ്യമാര്‍ന്ന മല്‍ഗോവ, ഹിമാപസന്ത്, മല്ലിക, സുന്ദരി, ചക്കരക്കുട്ടി, തോത്താപ്പുരി, റുമാനിയ തുടങ്ങിയവയും ഉള്‍പ്പെടെ ഒട്ടനവധി ഇനങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. കാര്‍ബൈഡ് ഇല്ലാതെ പഴുപ്പിച്ച മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.
മുതലമട അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോപറേറ്റിവ് സൊസൈറ്റി അംഗങ്ങളായ കര്‍ഷകരുടെ മാമ്പഴങ്ങള്‍ക്ക് പുറമെ മാമ്പഴജ്യൂസ്, മാമ്പഴഅച്ചാര്‍ എന്നിവയും വില്‍പനയ്‌ക്കെത്തിച്ചിട്ടുണ്ട്. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയുള്ള പ്രദര്‍ശനം ഈ മാസം എട്ടുവരെ നടക്കും. പ്രവേശനം സൗജന്യമാണ്. പ്രദര്‍ശനത്തോടനുബന്ധിച്ച് ആറിനു വൈകിട്ട് നാലിന് മാമ്പഴ തീറ്റമത്സരവും സംഘടിപ്പിക്കും. മാമ്പഴ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് അഡ്വ. തോമസ് മാത്യു അധ്യക്ഷനായി. അജിത്ത് കുരീത്തടം, പി.കെ കൃഷ്ണനുണ്ണി രാജ, സജിമോന്‍, എം. രാജന്‍, ആര്‍. രവി, കട്ടയാട്ട് വേണുഗോപാല്‍, കെ.വി സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."