അനധികൃത'സഞ്ചാരികളെ' പിടികൂടി; പിഴയടപ്പിച്ച് തിരിച്ചയച്ചു
ഗൂഢല്ലൂര്‍: അനധികൃതമായി മുതുമല വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളില്‍ പ്രവേശിച്ച സഞ്ചാരികളെ മാവോയിസ്റ്റുകളെന്ന് സംശയിച്ച് വനംവകുപ്പ് പിടികൂടി. പിന്നീട് ഇവര്‍ സഞ്ചാരികളാണെന്ന് മനസിലായതോടെ വനത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് പിഴയടപ്പിച്ച് പറഞ്ഞയച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. മുംബൈ സ്വദേശി രവീന്ദ്ര സിങ്(35), സുഹൃത്ത് മണിപ്പാല്‍ സ്വദേശി പാര്സന്(30) എന്നിവരാണ് രാത്രിയില്‍ വനത്തിനുള്ളിലൂടെ നടന്നു വന്നത്. റേഞ്ചര്‍ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം വനമേഖലയില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ഇരുവരെയും കാണുന്നത്. വനപാലകരെ കണ്ടതോടെ ഇരുവരും ഉള്‍വനത്തിലേക്ക് മാറിനില്‍ക്കുകയും കൂടി ചെയ്തതോടെ ഉദ്യോഗസ്ഥരുടെ സംശയം ഇരട്ടിച്ചു. ഇതോടെ ഇരുവരെയും കസ്റ്റഡിയിലെടുത്തു.
മാവോയിസ്റ്റുകളാണെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്നാട് ദൗത്യസേനയെയും ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചു. കേട്ടപാടെ ദൗത്യസേനയും സ്ഥലത്ത് പാഞ്ഞെത്തി ഇരുവരെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് തങ്ങള്‍ സഞ്ചാരികളാണെന്നും തൊപ്പക്കാടില് ബസ് ഇറങ്ങി മസിനഗുഡിയിലേക്ക് നടന്നുപോകുകയാണെന്നും രാത്രികാല നിരോധനം കാരണം കാര്‍ തുറപ്പള്ളിയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
ഇതോടെ ഉദ്യോഗസ്ഥര്‍ക്കും പിടിക്കപ്പെട്ടവര്‍ക്കും ശ്വാസം നേരെ വീണു. പിന്നീട് വനത്തില്‍ അതിക്രമിച്ച് കയറിയതിന് ഇരുവരില്‍ നിന്നും പതിനായിരം രൂപ വനംവകുപ്പ് പിഴയീടാക്കി. ഒപ്പം ഇവര്‍ താമസിച്ച റിസോര്‍ട്ട് ഉടമയുടെ പേരിലും 6,000 രൂപ പിഴ ചുമത്തി. എ.സി.എഫ് പുഷ്പാകരനാണ് പിഴ ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."