അടച്ചു പൂട്ടിയ മൂന്ന് നൂല്‍പ്പ് കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും: ഖാദി മേഖലയില്‍ പുത്തനുണര്‍വ്
കൊച്ചി: ഖാദി മേഖലയിലെ തൊഴിലാളികള്‍ക്കു പ്രതീക്ഷ പകര്‍ന്ന് സര്‍ക്കാര്‍. ജില്ലയില്‍ വിവിധ കാരണങ്ങളാല്‍ അടച്ചു പൂട്ടിയ മൂന്ന് നൂല്‍പ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രങ്ങള്‍ തുറക്കാനാണ് പദ്ധതി. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജില്ലയിലെ മൂന്ന് പട്ടികജാതി കോളനികളിലാണ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. 75 പട്ടികജാതി വനിതകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കും. മഴുവന്നൂര്‍ പഞ്ചായത്തിലെ വീട്ടൂര്‍, പുത്തന്‍കുരിശ് പഞ്ചായത്തിലെ കുറ്റ, കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍ മുണ്ട എന്നിവിടങ്ങളിലാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുക.
ഒരു സംഘത്തില്‍ 25 പട്ടികജാതി വനിതകള്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള പരിശീലനം കുറ്റ, വീട്ടൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി. അടുത്തത് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രൊജക്ട് ഓഫീസര്‍ കെ കെ ചാന്ദ്‌നി അറിയിച്ചു. 18 വയസു പൂര്‍ത്തിയായ തൊഴില്‍ ചെയ്യാന്‍ താല്പര്യമുള്ള വനിതകള്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന പ്രായപരിധിയില്ല. കുറഞ്ഞത് 350 രുപയെങ്കിലും ഒരു ദിവസം തൊഴിലാളിയ്ക്കു ലഭിക്കുന്ന തരത്തിലായിരിക്കും ജോലി. ശമ്പളത്തിനു പുറമെ വിവിധ ആനുകൂല്യങ്ങളും ലഭിക്കും. 1990ല്‍ അടച്ചുപൂട്ടിയ ഈ കേന്ദ്രങ്ങള്‍ തുറക്കുന്നത് ഖാദി മേഖലയ്ക്ക് പുത്തനുണര്‍വ് നല്കാന്‍ സഹായിക്കുമെന്ന് ചാന്ദ്‌നി പറഞ്ഞു.
നൂല്‍ നിര്‍മാണത്തിനുള്ള പഞ്ഞി ഖാദി വകുപ്പ് നേരിട്ടെത്തിക്കും. ഉല്‍പാദിപ്പിച്ച നൂലും ഖാദി വ്യവസായ ഓഫീസ് ഏറ്റെടുക്കും. 2000 ചതുരശ്ര അടിയിലുള്ള കെട്ടിടങ്ങള്‍ മൂന്നിടത്തും പ്രവര്‍ത്തനസജ്ജമാണ്. ആദ്യം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. പദ്ധതികള്‍ക്കായി 38,12,500 രൂപയാണ് ജില്ലപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ഈ മാസം തന്നെ മുഴുവന്‍ പണികളും പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രൊജക്ട് ഓഫീസര്‍ ചാന്ദ്‌നി അറിയിച്ചു.
ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ 17 നൂല്‍പ്പ് കേന്ദ്രങ്ങളും ഏഴ് നെയ്ത്ത് കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 320 തൊഴിലാളികള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി രണ്ടരക്കോടിയോളം രുപയുടെ ഖാദിയാണ് ജില്ലയില്‍ ഉല്‍പാദിപ്പിച്ചത്. ഗ്രാമ വ്യവസായങ്ങളുടെ വികസനത്തിന് ഖാദി കമീഷന്റെ സഹായത്തോടെ പി.എം.ഇ.ജി.പി. എന്ന പദ്ധതിയും നടപ്പിലാക്കുന്നു. പദ്ധതി പ്രകാരം 62 വ്യവസായ യൂണിറ്റുകള്‍ക്കു വേണ്ടി 88 ലക്ഷം രൂപയുടെ മാര്‍ജിന്‍ മണി ഗ്രാന്റിനുള്ള അപേക്ഷ ലഭിച്ചു. 248 തൊഴിലവസരം പദ്ധതി പ്രകാരം ലഭിക്കുമെന്നും ചാന്ദ്‌നി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ എന്റെ ഗ്രാമം പദ്ധതി പ്രകാരം മുപ്പതോളം ചെറുകിട വ്യവസായ സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിക്കുകയും ഇതിലൂടെ 82 പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും ചാന്ദ്‌നി പറഞ്ഞു. ജില്ലയില്‍ കിഴക്കമ്പലത്ത് കൈക്കടലാസ് യൂണിറ്റും, നേര്യമംഗലത്ത് തേന്‍ സംഭരണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു.
കിഴക്കമ്പലത്തെ യുണിറ്റില്‍ സര്‍ക്കാരിനാവശ്യമായ ഫയല്‍ ബോര്‍ഡ് നിര്‍മ്മാണമാണ് നടക്കുന്നത്. ജില്ലയില്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ മൂന്ന് ഖാദിഗ്രാമ സൗഭാഗ്യയും മൂന്ന് ഏജന്‍സി ഭവനും കൂടാതെ മൂന്ന് ഗ്രാമ സൗഭാഗ്യയും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."