മനോജ് കുമാര്‍, സുമിത് സംഗ്വാന് ഒളിംപിക് യോഗ്യതയ്ക്കരികെ
ബകു: അന്താരാഷ്ട്ര ബോക്സിങ് ഫെഡറേഷന്റെ ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ മനോജ് കുമാറും സുമിത് സംഗ്വാനും ക്വാര്‍ട്ടറില്‍ കടന്നു.
ഇതോടെ ഇരുവരും ഒളിംപിക് യോഗ്യതയ്ക്ക് തൊട്ടരികിലെത്തി. 64 കിലോയില്‍ മത്സരിച്ച മനോജ് ബള്‍ഗേറിയയുടെ ഇസ്മെതോവ് അയ്റിന് സ്മെതോവി(2-1)നെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്.
81 കിലോ വിഭാഗത്തില്‍ മംഗോളിയയുടെ സന്ദാഗ്സുരന് എര്ദെനെബായര്(3-0) സുമിത്തിന് മുന്നില്‍ കീഴടങ്ങി.
ക്വാര്‍ട്ടറില്‍ ജയിക്കാനായാല്‍ ഇരുവര്‍ക്കും യോഗ്യത സ്വന്തമാക്കാം.
ക്വാര്‍ട്ടറില്‍ താജിക്കിസ്ഥാന്റെ റാക്കിമോവ് ഷാവ്കഡ്സോനാണ് മനോജിന്റെ എതിരാളി. സുമിത്തിന് റഷ്യയുടെ പീറ്റര്‍ കാമുക്കോവാണ് എതിരാളി.
ലണ്ടന്‍: റിയോ ഒളിംപിക്സില്‍ മത്സരിക്കുന്ന പ്രൊഫഷനല്‍ ബോക്സര്‍മാര്‍ക്ക് അവര്‍ നേടിയ കിരീടങ്ങള്‍ നഷ്ടപ്പെടുമെന്ന് അന്താരാഷ്ട്ര ബോക്സിങ് ഫെഡറേഷന്റെ മുന്നറിയിപ്പ്.
പ്രൊഫഷനല്‍ ബോക്സര്‍മാര്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ ഐ.ഒ.സി അനുമതി നല്കിയ സാഹചര്യത്തില്‍ ഇതിനു തടയിടാനാണ് ഐ.ബി.എഫിന്റെ പുതിയ നീക്കം.
പ്രൊഫഷനല്‍ ബോക്സര്‍മാര്‍ അമച്വറുകള്ക്കെതിരേ മത്സരിക്കുന്നതില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ഐ.ബി.എഫ് വിലയിരുത്തി. ഒളിംപിക്സില്‍ മത്സരിക്കാന്‍ ഏതെങ്കിലും ബോക്സര്‍മാര്‍ ശ്രമിച്ചാല്‍ അതു ബോക്സിങ് വിരുദ്ധമായി കണക്കാക്കി അവരുടെ അന്താരാഷ്ട്ര കിരീടങ്ങള്‍ തിരിച്ചെടുക്കുമെന്നും ഐ.ബി.എഫ് പ്രസിഡന്റ് ഡാരില്‍ പീപ്പിള്‍സ് പറഞ്ഞു.
കിരീടമില്ലാത്ത താരങ്ങള്‍ റിയോയില്‍ മത്സരിക്കുകയാണെങ്കില്‍ അവരെ റാങ്കിങില്‍ നിന്നു ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുമെന്നും പീപ്പിള്‍സ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."