അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെ ആരോഗ്യ സംരക്ഷണം:സഹകരണ വകുപ്പ് ഇ.എം.എസ് ആശുപത്രിയുമായി ധാരണ: ആദ്യഗഡു 72.5 ലക്ഷം അനുവദിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി സഹകരണ വകുപ്പ് സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുന്നു. 2017-18 വര്‍ഷത്തെ പദ്ധതിയുടെ ചെലവിലേക്ക് ആദ്യ ഗഡുവായി 72.5 ലക്ഷം അനുവദിച്ചു. അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗത്തിന് ചെലവ് കുറഞ്ഞ-സൗജന്യ രോഗ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടപ്പാക്കുന്നത്.
അട്ടപ്പാടിയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിക്കുന്ന ആദിവാസികള്‍ക്കും ഇ.എം.എസ് ആശുപത്രി അട്ടപ്പാടിയില്‍ നടത്തുന്ന ക്യാംപ് മുഖേന സൗജന്യ രോഗ നിര്‍ണയം നടത്തും. തുടര്‍ന്ന് വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ എത്തിച്ച് സൗജന്യമായി ചികിത്സ ലഭ്യമാക്കും. അട്ടപ്പാടിയില്‍ നിന്നും രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി നൂതന സൗകര്യങ്ങളടങ്ങിയ ആംബുലന്‍സ് അട്ടപ്പാടിയിലുണ്ടാവും. ഇ.എം.എസ് ആശുപത്രിയുടെ ക്യാംപ് ഓഫിസും അട്ടപ്പാടിയില്‍ ആരംഭിക്കും.
ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ശിശുക്കള്‍ എന്നിവരുടെ ആരോഗ്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കി മാസത്തില്‍ ഒരു തവണ അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ ഇ.എം.എസ് ആശുപത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തും. ആദിവാസികളിലെ ജീവിത ശൈലി രോഗങ്ങളും മാറാവ്യാധികള്‍ക്കും പദ്ധതിയിലൂടെ കിടത്തി ചികിത്സ ഉറപ്പ് വരുത്തും. ഇതിനായി സൗജന്യ കാംപുകളും ക്ലിനിക്കുകളും ആരംഭിക്കും.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ സമ്പൂര്‍ണ പോഷകാഹാരം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പ്രത്യേക രജിസ്്‌ട്രേഷന്‍ ക്യാംപ് നടത്തും. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയക്രമം അനുസരിച്ച്് പോഷകാഹാര കിറ്റ് വിതരണം ചെയ്യും. ഗൃഹപ്രസവം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ പ്രത്യേകം പദ്ധതി തയ്യാറാക്കി ഇതിന്റെ ഭാഗമായി സമ്പൂര്‍ണ ഗര്‍ഭകാല പരിരക്ഷ, പ്രസവ ശുശ്രൂഷ, പ്രസവാനന്തര ശുശ്രൂഷ എന്നിവ ഉറപ്പ് വരുത്തും. ഇതിനായി അട്ടപ്പാടിയിലെ വിവിധ ഊരുകളിലെ ആദ്വാസി കുടുംബങ്ങളുടെ വ്യക്തമായ കണക്ക് ശേഖരിച്ച് എല്ലാ ആദിവാസികളെയും ഉള്‍പ്പെടുത്തി മെഡിക്കല്‍ രജിസ്‌ട്രേഷന്‍ നടത്തി വ്യക്തമായ രേഖകള്‍ ശേഖരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."