ജില്ലയുടെ 'വോള്‍ട്ടേജ് 'വര്‍ധിപ്പിച്ച് കെ.എസ്.ഇ.ബി
തിരുവനന്തപുരം: ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കള്‍ ഏറെക്കാലമായി അനുഭവിച്ചുവന്ന വോള്‍ട്ടേജ് ക്ഷാമത്തിന് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ പരിഹാരമായതായി കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പി.കെ അനില്‍ കുമാര്‍ അറിയിച്ചു. വര്‍ധിച്ച ഉപഭോഗം മൂലം വൈദ്യുതി വിതരണം തടസപ്പെട്ടിരുന്ന ജില്ലയുടെ പല പ്രദേശങ്ങളിലും പരിഹാരം കാണാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ പ്രദേശങ്ങളിലായി സബ്സ്റ്റേഷനുകള്‍ സ്ഥാപിച്ചും 11 കെ.വി ഉള്‍പ്പെടെ പുതിയ ലൈനുകള്‍ നിര്‍മിച്ചുമാണ് കെ.എസ്.ഇ.ബി ഈ നേട്ടം കൈവരിച്ചത്. ആറ്റിങ്ങലില്‍ പുതുതായി 33 കെ.വി സബ്സ്റ്റേഷന് സ്ഥാപിച്ചത് ചെറുകിട വ്യവസായരംഗമുള്പ്പെടെയുള്ള മേഖലക്ക് വലിയ മുതല്‍ കൂട്ടായി.
കാട്ടാക്കടയിലെ 220 കെ.വി സബ്സ്റ്റേഷന് പ്രവര്‍ത്തന സജ്ജമായതോടെ രൂക്ഷമായിരുന്ന വോള്‍ട്ടേജ് ക്ഷാമത്തിനും അടിക്കടിയുണ്ടായിക്കൊണ്ടിരുന്ന ലൈനുകളിലെ തകരാറുകള്‍ക്കും പരിഹാരമായതായും അദ്ദേഹം അറിയിച്ചു.
കൂടാതെ കാച്ചാണിയില്‍ മന്ത്രി എം.എം മണിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പുതിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ സ്ഥാപിച്ചത് ഇരുപതിനായിരത്തോളമുള്ള ഗുണഭോക്താക്കള്‍ക്ക് വകുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കു വേണ്ടി വന്നിരുന്ന യാത്രാക്ലേശവും പരിഹരിക്കാനിടയാക്കി.
ജില്ലയില്‍ നേരത്തേതന്നെ പൂര്‍ത്തിയാക്കിയിരുന്ന സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി 18100 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുതിയ കണക്ഷന് നല്കി. കൂടാതെ 184.99 കിലോമീറ്റര്‍ 11 കെ.വി ലൈനും 438.81 കി.മീ എല്‍.ടി ലൈന്‍ പുതുതായി സ്ഥാപിച്ചതും ജില്ലക്ക് വലിയ നേട്ടമായി.
182 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചതിലൂടെ നിരന്തരമുണ്ടായിരുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിച്ചതായും ഗുണഭോക്താക്കളുടെ പരാതികള്‍ താമസം കൂടാതെ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കാര്യക്ഷമമായി നടക്കുന്നതായും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."