വാളൂര്‍ സ്‌കൂളിന് അഭിമാനമായി ഇരട്ടകളുടെ സമ്പൂര്‍ണ എ പ്ലസ്
അന്നമനട : ഒന്നാം ക്ലാസ് മുതല്‍ ഒരേ ബെഞ്ചിലിരുന്നു പഠിച്ച ആരതി ശങ്കറും ആതിര ശങ്കറും വാളൂര്‍ നായര്‍ സമാജം ഹൈസ്‌കൂളിനു അഭിമാനത്തിളക്കമായി മാറി. പഠനത്തിലും പാഠ്യേതര വിഭാഗങ്ങളിലും മികവു പുലര്‍ത്തുന്ന ഈ ഇരട്ടകള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതു സ്‌കൂളിനും വാളൂരെന്ന കാര്‍ഷിക ഗ്രാമത്തിനും അഭിമാനമായിരിക്കുകയാണ് . സ്‌കൂളിലെ ക്ലര്‍ക്കായ ചെറുവാളൂര്‍ ശ്രീശങ്കരത്തില്‍ ശങ്കരനാരായണന്റേയും ശ്രീദേവിയുടേയും മൂന്നു മക്കളില്‍ ഇരട്ടകളായ ഇവര്‍ ഊണിലും ഉറക്കത്തിലും ഒരുമിച്ചായതിനാല്‍ സ്‌കൂളിലും തൊട്ടടുത്തായാണു ഇരുന്നിരുന്നത്. ഒന്നാം ക്ലാസ് മുതല്‍ ഇതേ സ്‌കൂളില്‍ തന്നെയാണു പഠിക്കുന്നത്. ഇവരുടെ കഴിവും സ്‌കൂളിന്റെ പ്രധാനാധ്യാപകനായ ദീപു മംഗലത്തിന്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെ കഠിന ശ്രമവുമൊത്തു കൂടിയതോടെയാണു ഉയര്‍ന്ന മാര്‍ക്കോടെ ഇവര്‍ ഉപരിപഠനത്തിനു അര്‍ഹത നേടിയത്. അതും മലയാളം മീഡിയത്തിലുള്ള പഠനത്തില്‍. ട്യൂഷനൊന്നുമില്ലാതെയാണിവര്‍ ഈ നേട്ടം കൈവരിച്ചതെന്നതു തിളക്കത്തിന്റെ മാറ്റു കൂട്ടുന്നു. മികച്ച രീതിയിലുള്ള പഠനത്തിനു പുറമേ ശാസ്ത്ര മേളകളിലും കലോത്സവ വേദികളിലും ഇരുവരും സ്ഥിരമായി പങ്കെടുത്തു മികച്ച മത്സരം കാഴ്ച വെക്കാറുണ്ട്.
മാതാവ് ശ്രീദേവി കാലടി സംസ്‌കൃത സര്‍വ്വകലാശാല ജീവനക്കാരിയാണ്. ഇതേ സ്‌കൂളില്‍ അഞ്ചില്‍ പഠിക്കുന്ന അഞ്ചലി ശങ്കര്‍ ഇരട്ടകളുടെ സഹോദരിയാണ്. സ്‌കൂളില്‍ പരീക്ഷ എഴുതിയ 35 കുട്ടികളില്‍ ഒരാളൊഴികെ മറ്റെല്ലാവരും വിജയിച്ചു. രണ്ടുപേര്‍ക്കാണു (ഇരട്ടകള്‍) മുഴുവന്‍ എ പ്ലസും നേടാനായത്. ഇക്കണോമിക്‌സില്‍ താല്‍പ്പര്യമുള്ള ഇരുവര്‍ക്കും സിവില്‍ സര്‍വ്വീസില്‍ കയറണമെന്നാണു താല്‍പ്പര്യം. അതിനു അച്ഛന്റെയും അമ്മയുടെയും നിര്‍ലോഭമായ പിന്തുണയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."