വടക്കാഞ്ചേരി നഗരഹൃദയത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം
വടക്കാഞ്ചേരി : നഗരഹൃദയത്തില്‍ മോഷ്ടാക്കളുടെ വിഹാരം. രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടര്‍ പൂട്ടുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ 8000 രൂപ കവര്‍ന്നു. വടക്കാഞ്ചേരി പടിഞ്ഞാറ്റു മുറി സ്വദേശി ഞാറക്കുളങ്ങര വീട്ടില്‍ ശങ്കരനാരായണന്റെ ഉടമസ്ഥതയിലുള്ള വടക്കാഞ്ചേരി പുഴ പാലത്തിനു സമീപത്തെ നമ്പീശന്‍സ് ഡയറി, തൊട്ടു സമീപമുള്ള പുന്നംപറമ്പ് സ്വദേശി ജയന്റെ ഉടമസ്ഥതയിലുള്ള സ്റ്റിച്ചിങ് സെന്റര്‍ എന്നീ സ്ഥാപനങ്ങളിലാണു മോഷ്ടാക്കള്‍ കയറിയത്.
ഇതില്‍ പാലും പാലുല്പന്നങ്ങളും വില്‍പ്പന നടത്തുന്ന നമ്പീശന്‍സ് ഡയറിയില്‍ നിന്നാണു 8000 രൂപ നഷ്ടപ്പെട്ടത് . ഇന്നലെ പുലര്‍ച്ചെ പാലുമായെത്തിയ വാഹനങ്ങളിലെ ജീവനക്കാരാണു ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു കടയുടമയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റിച്ചിങ് സെന്ററില്‍ നിരവധി റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ അടക്കമുള്ള വസ്ത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു കടയുടമ അറിയിച്ചു. വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൊലിസ് സ്റ്റേഷനു ഏതാനും വാര അകലെയാണു മോഷണം നടന്ന സ്ഥാപനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."