കരളലിയിക്കും കാഴ്ച പെരുമഴയത്തും നഗരത്തില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം
കണ്ണൂര്‍: നഗരത്തില്‍ പെരുമഴയത്തും ഭിക്ഷാടനത്തിനായി കുട്ടികളെത്തുന്നത് ദയനീയ കാഴ്ചയാവുന്നു. ഉറങ്ങിക്കിടക്കുന്ന പെണ്‍കുഞ്ഞിനെ തോളിലേറ്റിയാണ് ഇന്നലെ ഒരു സംഘം ഭിക്ഷാടനത്തിനിറങ്ങിയ ത്. കണ്ണൂര്‍ നഗരത്തിലെ മാളുകള്‍ക്കു മുന്നിലും തിരക്കേറിയ കടകളും കേന്ദ്രീകരിച്ചാണ് ഭിക്ഷയാചന. 10 മാസം പ്രായമായ പെണ്‍കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ സംഘത്തിലുണ്ടായിരുന്നു. റമദാന്‍ പ്രമാണിച്ച് നഗരത്തില്‍ തിരക്കുകൂടി വരുന്നതോടെയാണ് കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം തകൃതിയാക്കിയത്. അന്വേഷണത്തില്‍ രാജസ്ഥാനില്‍ നിന്ന് എത്തിയവരാണെന്നും മാതാപിതാക്കള്‍ നഗരത്തില്‍ തന്നെ ഉണ്ടെന്നുമാണ് വിവരം ലഭിച്ചത്. ഭിക്ഷാടനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടവരോട് കൂട്ടത്തില്‍ മുതിര്‍ന്നവന്‍ തര്‍ക്കിക്കാന്‍ എത്തുകയും ചെയ്തു. പൊലിസിനെ വിവരം അറിയിക്കുമെന്നു പറഞ്ഞപ്പോഴും കൂസലില്ലാതെ നടന്നു നീങ്ങുകയായിരുന്നു. തോളിലേറ്റിയ പിഞ്ചുകുഞ്ഞിനു ഭക്ഷണം പോലും നല്‍കാത്തതിനാലാണ് തളര്‍ന്നു കിടക്കുന്നതെന്ന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നു. അതേസമയം ഇതരസംസ്ഥാനത്തു നിന്നെത്തുന്ന കുടുംബമാണ് ഇതിനു പിന്നിലെന്നും മാതാപിതാക്കള്‍ ഉള്ളവരായതുകൊണ്ട് മറ്റു നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. കുട്ടികളെ പിടികൂടിയാലും ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിച്ച് ഇവര്‍ കുട്ടികളെ ഇറക്കികൊണ്ടുപോവുന്ന സ്ഥിതിയുണ്ട്. പിന്നീട് വീണ്ടും ഇതേതരത്തിലുള്ള പ്രവൃത്തിയുമായി മുന്നോട്ടു പോവുകയും ചെയ്യും. കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം കര്‍ശനമായി നിയന്ത്രിക്കണമെന്നു പറയുമ്പോഴും ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ഇത്തരം കേസുകളുടെ കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയാതെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കുഴയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."