അന്താരാഷ്ട്ര കപ്പല്‍ ചാലിലെ കുഴിബോംബ് പൊട്ടി രണ്ട് യമന്‍ കോസ്റ്റ് ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു; 8 പേര്‍ക്ക് പരുക്ക്
റിയാദ്: അന്താരാഷ്ട്ര കപ്പല്‍ ചാലിനു സമീപം യമനിലെ വിമത വിഭാഗമായ ഹൂതികളും അലി അബ്ദുള്ള സാലിഹ് വിഭാഗവും സജ്ജീകരിച്ച കുഴിബോംബ് പൊട്ടി രണ്ട് യമന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 8 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് നടത്തുന നിരീക്ഷണത്തിനിടെ കുഴിബോംബില്‍ കപ്പല്‍ തട്ടിയാണ് അപകടം. ക്യാപ്റ്റന്‍ സഫ്‌വാന്‍ അല്‍ ഉസൈബിയടക്കം പരിക്കേറ്റ എട്ടു പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
യമനിലെ മൊഖ തുറമുഖ കവാടമായ ബാബ് അല്‍ മന്‍ദിബിലാണ് 25 കിലോമീറ്റര്‍ ചുറ്റളവില്‍ അപകടരമാം വിധം മൈനുകള്‍ യമനിലെ വിമത വിഭാഗം പാകിയത്. അന്താരാഷ്ട്ര എണ്ണ കപ്പലുകളുടെ സഞ്ചാര പാതയായ സൂയസ് കനാല്‍ വഴി മെഡിറ്ററേനിയന്‍ കടലിലേക്ക് പ്രവേശിക്കുന്ന ചെങ്കടലിലെ ഏദന്‍ ഉള്‍ക്കടലിനു സമീപം ഇത് ഭീതി പടര്‍ത്തുന്നതാണെന്ന് അമേരിക്കന്‍ നാവിക സേന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതി പ്രധാന കപ്പല്‍ പാതയായ ഏദന്‍ കടലിടുക്കിന് സമീപത്ത് യമന്‍ വിമത വിഭാഗം കുഴിബോംബുകള്‍ സജ്ജീകരിച്ചതിനെതിരേ അമേരിക്ക മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു ദിവസങ്ങള്‍ക്കകമാണ് അപകടം.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ദിനം പ്രതി 60 കപ്പലുകള്‍ വഴി 3.3 മില്യണ്‍ എണ്ണയാണ് ദിനംപ്രതി ബാബ് അല്‍ മന്‍ദിബ് കടലിടുക്ക് വഴി കടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."