സി.എ വിദ്യാര്‍ഥി മിഷേലിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
കൊച്ചി: സി.എ വിദ്യാര്‍ഥിനിയായ മിഷേലിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നു ബന്ധുക്കള്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മിഷേലിന്റെ പിതാവ് ഷാജി എറണാകുളം നോര്‍ത്ത് പൊലിസില്‍ പരാതി നല്‍കി. ഇലഞ്ഞി പെരിപ്പുറം സ്വദേശി ഷാജിയുടെ മകള്‍ മിഷേലിനെ(18)യാണ് ആറിന് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലിസ്.
എന്നാല്‍ തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഏതുകാര്യത്തെയും ധൈര്യത്തോടെ നേരിടുന്നവളാണെന്നും ഷാജി പറഞ്ഞു. കാണാതായ ദിവസം വൈകിട്ട് 6.12നു കലൂര്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ മിഷേലിനെ രണ്ട് യുവാക്കള്‍ ബൈക്കിലെത്തി നിരീക്ഷിക്കുന്നതും പിന്‍തുടരാന്‍ ശ്രമിക്കുന്നതും സി.സി ടി.വി കാമറയില്‍ വ്യക്തമായിട്ടുണ്ട്.
സംഭവത്തിന് ഒരാഴ്ച മുമ്പ് മിഷേലിനെ ഒരു യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞിരുന്നതായി കൂട്ടുകാരോടും വീട്ടുകാരോടും പറഞ്ഞിരുന്നു. സംഭവ ദിവസം അഞ്ചുമണിയോടെയാണ് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും കലൂര്‍ പള്ളിയിലേക്കു മിഷേല്‍ പോയത്.
പുറപ്പെടുമ്പോള്‍ താന്‍ പള്ളിയില്‍ പോയി വരാമെന്നും സുഹൃത്തുക്കളോടു പറയുമ്പോള്‍ യാതൊരു അസ്വഭാവികതയും മിഷേലില്‍ കണ്ടില്ലെന്നു കൂട്ടുകാര്‍ പറഞ്ഞു. പള്ളിക്കുള്ളിലേക്കു കയറുമ്പോഴും 6.12നു പുറത്തേക്കിറങ്ങുമ്പോഴും മിഷേലിന്റെ മുഖം പ്രസന്നമായിരുന്നതായി സി.സി ടി.വി ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
മാത്രമല്ല പിറവം പാലച്ചുവടിനു സമീപമുള്ള ഒരു യുവാവ് പലതവണ പ്രണയാഭ്യര്‍ഥന നടത്തി പുറകേ നടന്നിരുന്നതായും മിഷേല്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. പഠനത്തില്‍ മാത്രമാണു ശ്രദ്ധയെന്നും ഉന്നത നിലയില്‍ സി.എ പരീക്ഷ പാസാകുകയാണ് ലക്ഷ്യമെന്നും മിഷേല്‍ പറയാറുണ്ടായിരുന്നു. തങ്ങളോട് പറയാത്ത രഹസ്യങ്ങളൊന്നും സൂക്ഷിക്കുന്ന സ്വഭാവക്കാരിയല്ല മകളെന്നും രക്ഷിതാക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെള്ളം ഉള്ളില്‍ ചെന്നല്ല മരണമെന്ന് സൂചനയുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി ലഭിച്ചിട്ടില്ല.
ഒടുവിലായി മിഷേലിന്റെ മൊബൈലിലേക്കു വന്ന ഫോണ്‍ കോള്‍ പ്രേമാഭ്യര്‍ഥനയുമായി നിരന്തരം ശല്യം ചെയ്യുന്ന യുവാവിന്റെതായിരുന്നുവെന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഈ യുവാവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 6.20 മുതല്‍ മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്‌ചെയ്തതായി പിതാവ് ഷാജി സ്ഥിരീകരിച്ചിട്ടുണ്ട്. 6.12നു പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ മിഷേല്‍ റോഡു മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതായും ആരെയോ കണ്ട് പെട്ടെന്നു പിന്‍മാറുന്നതായും സി.സി ടി.വി കാമറയില്‍ വ്യക്തമാണ്.
മൃതദേഹം കായലില്‍ അധിക സമയം കിടന്നിട്ടില്ലെന്നും വിലയിരുത്തപെടുന്നു. രാത്രിയില്‍ മൃതദേഹം കായലില്‍ കിടന്നിരുന്നെങ്കില്‍ മത്സ്യങ്ങള്‍ കൊത്തി പരുക്കേല്‍പ്പിക്കുമായിരുന്നു. എന്നാല്‍ ചുണ്ടില്‍ ചെറിയൊരു പരുക്കല്ലാതെ പുറമേ മുറിവുകള്‍ ഇല്ലായിരുന്നു. പിറവത്ത് ഇലക്ട്രിക്കല്‍ സ്ഥാപനം നടത്തുന്ന ഷാജിയും കുടുംബവും ഏതാനും വര്‍ഷങ്ങളായി പിറവത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."