ഭീതിയുടെ വരള്‍ച്ചക്കാലം
ആദ്യം വരള്‍ച്ചയുണ്ടായത് ഉള്ളിലാണ്. എന്റേത് എനിക്കുള്ളിലേക്കു മാത്രം കണ്ണുനട്ടു തുടങ്ങിയപ്പോഴാണ് ഭൂമി അമ്മയല്ലാതായത്, തണല്‍മരങ്ങള്‍ തടസങ്ങളായത്, ജലമുറവ പൊട്ടുന്നിടങ്ങള്‍ കൂടി വലിച്ചൂറ്റിത്തുടങ്ങിയത്, കാടു മുടിച്ചു തുടങ്ങിയത്, കാവ് തീണ്ടിത്തുടങ്ങിയത്, പാടങ്ങള്‍ സിമന്റ് മരുഭൂമികളായത്, തോടും പുഴയും ചെറു നീരൊഴുക്കുകളും എല്ലാമുള്ള നനവിന്റെ വ്യവസ്ഥ തെറ്റിപ്പോയത്, ഭയന്നുപോയ മഴയും മറ്റു ഋതുക്കളും കാലം തെറ്റിയാകെ അലങ്കോലപ്പെട്ടു വരാന്‍ തുടങ്ങിയത്.
നമ്മളതൊന്നും കാണുകയോ അറിയുകയോ ഉണ്ടായില്ല. എല്ലാവരും ഓട്ടങ്ങളിലായിരുന്നു. പുതിയ കോണ്‍ക്രീറ്റ് കൊത്തളങ്ങള്‍ പണിയുന്നതിന്റെ, കുന്നിടിച്ചു മണ്ണാക്കുന്നതിന്റെ, മണ്ണുമാന്തി കൂറ്റന്‍ മാളുകള്‍ക്ക് അടിത്തറയിടുന്നതിന്റെ, ഫാക്ടറികളും വ്യവസായ ശാലകളും പെരുകിക്കുന്നതിന്റെ, ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ, ശാസ്ത്രീയതയെ കുറിച്ചൊക്കെ നല്ല ബോധമുണ്ടായിരുന്നിട്ടും ലാഭമുണ്ടാക്കിത്തരുന്ന ഫാക്ടറിയുടെ മാലിന്യം തള്ളാന്‍ നമ്മള്‍ മറ്റു മാര്‍ഗങ്ങളൊന്നും തിരക്കിയില്ല. അതൊക്കെ ചെലവേറിയ ഏര്‍പ്പാടുകളെന്നു കണ്ട് ചെലവ് കുറഞ്ഞ മറ്റൊരു എളുപ്പവഴി തന്നെ സ്വീകരിച്ചു.
കുടിക്കുകയും കുളിക്കുകയും പാകം ചെയ്യുകയും മത്സ്യബന്ധനം നടത്തുകയും കൃഷിക്കുപയോഗിക്കുകയും ഒക്കെ ചെയ്തുപോന്ന ജലസ്രോതസുകളിലേക്കു കൊടിയ വിഷങ്ങള്‍ അന്തസോടെ ഒഴുക്കി വിട്ടു. മത്സ്യങ്ങള്‍ ചത്തു പൊങ്ങി. കുളിച്ചവര്‍ക്കും കുടിച്ചവര്‍ക്കും ദീനം വന്നു. മറ്റു നിവൃത്തികളില്ലാത്ത ആ ചുറ്റുപാടുകളില്‍ ജീവിച്ചിരുന്ന സാധാരണക്കാര്‍ മലിനീകരണത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അത്ര ബോധമൊന്നുമില്ലാതെ അതേ ജലസ്രോതസുകളെ ആശ്രയിക്കുന്നത് തുടര്‍ന്നു; നേരിട്ട് അടികൊള്ളുവോളം.
ദേഹത്തു പലവിധ അസ്വാസ്ഥ്യങ്ങളുണ്ടായപ്പോഴാണ്, മത്സ്യങ്ങള്‍ ചത്തു പൊങ്ങിയപ്പോഴാണ്, ദാഹം തീര്‍ക്കാനും അലക്കാനും കുളിക്കാനും മറ്റു പ്രാഥമികാവശ്യങ്ങള്‍ക്കും തീരെ നിവൃത്തികളില്ലെന്നു ബോധ്യം വന്നപ്പോഴാണ് മുതലാളിത്തത്തിന്റെ കൈയേറ്റം ചെറുക്കാന്‍ മാത്രം ഒച്ചയില്ലെന്നറിഞ്ഞിട്ടും അടിസ്ഥാന ആവശ്യങ്ങളെ തിരിച്ചുപിടിക്കാന്‍ വേണ്ടി അവര്‍ സംഘടിച്ചത്, സമരം ചെയ്തത്, ചോദ്യം ചെയ്തത്.
പ്ലാച്ചിമടയിലും ചാലക്കുടിയിലും എന്‍ഡോസള്‍ഫാന്‍ പ്രദേശങ്ങളിലും ഞെളിയന്‍പറമ്പിലും ചെറുതും വലുതുമായ മറ്റനേകം സമാന ഇടങ്ങളിലും അത്തരം ജനശബ്ദങ്ങള്‍ നമ്മള്‍ കേട്ടു. പെരിയാറിലെയും വേമ്പനാട്ടെയും അഷ്ടമുടിയിലെയും ശാസ്താംകോട്ടയിലെയും അമ്പരപ്പിക്കുന്ന കൈയേറ്റങ്ങളെക്കുറിച്ച് കേട്ടു. കാതികൂടത്തോടും കാക്കഞ്ചേരിയിലെ ആഭരണശാലാ പ്രശ്‌നത്തോടും ഭരണകൂട നിലപാടുകള്‍ എന്തായിരുന്നുവെന്നു കണ്ടു.
ഭൂരിപക്ഷം ഇടങ്ങളിലും ജനശബ്ദങ്ങള്‍ മുതലാളിത്തത്തിന്റെയും ഭരണകൂടങ്ങളുടെയും ശബ്ദങ്ങളേക്കാള്‍ വലുതായില്ല. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ ജനശബ്ദത്തോട് ഒപ്പം നില്‍ക്കുകയുമുണ്ടായില്ല. പ്രശ്‌നങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന ഭൂരിപക്ഷത്തിന് ഇതെല്ലാം തങ്ങള്‍ക്കറിയാത്ത ഏതോ ഒരു ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു(അഥവാ ആണ് ഇപ്പോഴും). പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന 'സവിശേഷ വര്‍ഗം' മാത്രം കൈകാര്യം ചെയ്യേണ്ടുന്ന, ഒത്തു തീര്‍പ്പാക്കേണ്ടുന്ന തങ്ങള്‍ക്ക് അജ്ഞാതമായ, തങ്ങളുടെ സുഖസൗകര്യങ്ങളെ ഒരു വിധത്തിലും ബാധിക്കാനിടയില്ലാത്ത ഒരു വിഷയം.
കാര്യങ്ങള്‍ പക്ഷെ മാറുകയാണെന്നു കൂടുതല്‍ ഗൗരവമുള്ള മുന്നറിയിപ്പുകള്‍ നമുക്കു കിട്ടിക്കൊണ്ടേയിരിക്കുന്നു. ഓരോ വര്‍ഷവും വേനല്‍ചൂട് ക്രമാതീതമായി ഉയരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ തൊള്ളയിടലുകളായി കുറെയായി നാം കേട്ടുപോരുന്ന ഈ പറച്ചിലുകള്‍; അതിലെ സത്യങ്ങള്‍ സംഭീതമായ വരുംകാലം. അതൊന്നും അത്ര കാര്യമായെടുത്തിട്ടില്ല നമ്മളിപ്പോഴും. കുറച്ചു നാളുകള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയില്‍ നിന്നുള്ള വറുതിയുടെ, വരള്‍ച്ചയുടെ ചിത്രങ്ങളേറെ നാം കണ്ടു. ഒരു പാത്രം വെള്ളത്തിനു വേണ്ടിയലഞ്ഞു വീണു മരിക്കുന്നവരെ കണ്ടു. പെരുകുന്ന കര്‍ഷക ആത്മഹത്യകളെക്കുറിച്ച് കേട്ടു. 'മനുഷ്യനിര്‍മിത വരള്‍ച്ച' എന്നു ലേബല്‍ ചെയ്യപ്പെട്ട ഇതെത്രയേറെ ജീവനുകളെടുത്തു!
ഇതേ കാഴ്ചയുടെ തനിയാവര്‍ത്തനങ്ങള്‍ മറ്റുപലയിടങ്ങളിലും കാണുന്നു. കേരളത്തിലാവട്ടെ സമീപ കാലത്തെങ്ങുമുണ്ടാവാത്തത്ര വിധം താപനില ഉയരുകയാണ്. പലയിടങ്ങളിലും മയിലുകളുടെ സാന്നിധ്യം ധാരാളമായി കാണപ്പെടുന്നത് ചൂടു കൂടുന്നതിന്റെ, വരാനിരിക്കുന്ന വരള്‍ച്ചയുടെ ലക്ഷണമാണെന്നു പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. തമിഴ്‌നാട്ടിലെയും ഉത്തരേന്ത്യയിലെയും നിത്യകാഴ്ചയായ മയില്‍ക്കൂട്ടങ്ങളെ കേരളത്തില്‍ ഏറിയ തോതില്‍ കാണാന്‍ തുടങ്ങിയതു വരണ്ട കാലാവസ്ഥ പരക്കുന്നതിന്റെ ലക്ഷണം കാട്ടലാണെന്നു വിദഗ്ധര്‍ പറയുന്നു. പല പ്രദേശങ്ങളിലും വേനല്‍ തുടങ്ങും മുന്‍പേ വെള്ളമില്ലാതായി. രാവിലെ മുതല്‍ 'കുടിവെള്ളം' എന്നു ചെല്ലപ്പേരിട്ടു കൊണ്ട് ജലവണ്ടികള്‍ പായാന്‍ തുടങ്ങുന്നു.
വെള്ളം തീര്‍ന്നുപോകുമ്പോഴും വാങ്ങിയുപയോഗിക്കുമ്പോഴും നമുക്കത്ര ഭയങ്ങളൊന്നുമില്ലായിരുന്നു. എത്രയുപയോഗിച്ചാലും തീര്‍ന്നു പോവാത്ത വിഭവമെന്നു തന്നെയാണ് ജലത്തെക്കുറിച്ചുള്ള നമ്മുടെ മിഥ്യാധാരണ. പുഴയൂറ്റിയൂറ്റി മണല്‍ കട്ടെടുക്കുമ്പോഴും കോണ്‍ക്രീറ്റ് കെട്ടുപാടുകള്‍ കൊണ്ട് മണ്ണ് നിറക്കുമ്പോഴും മണ്ണ് തീരുമ്പോള്‍ കുന്നുകളില്‍ കൈ വയ്ക്കുമ്പോഴും ഭരണകൂടത്തെ കൊഞ്ഞനം കുത്തി ഓടകള്‍ തൂര്‍ത്തു കളയുമ്പോഴും കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ക്കു ചുറ്റും ഒരു പുല്ലും അനധികൃതമായി പച്ച പൊട്ടാതിരിക്കാനായി വാര്‍ക്കക്കട്ടകള്‍ പതിക്കുമ്പോഴും മഴയ്ക്കും ജലാശയങ്ങള്‍ക്കുമിടയില്‍ മണ്ണിനുള്ളിലൂടെയുള്ള സകല സ്‌നേഹവഴികളും ഇങ്ങനെയിങ്ങനെ അടച്ചു തടയുമ്പോഴും ജലത്തോട് തീരെയുമുണ്ടായിരുന്നില്ല നമുക്ക് ബഹുമാനം. കീഴടക്കലുകളുടെ ലഹരിയില്‍ ഉന്മത്തനായ മനുഷ്യന് അല്ലെങ്കില്‍ എന്തിനോടാണ് ബഹുമാനം?
മലയാളിയുടേതു സ്വാര്‍ഥമായ വൃത്തിശീലങ്ങളാണ്. വ്യക്തി ശുചിത്വത്തെക്കുറിച്ച് നല്ല ധാരണയുള്ളവന് പരിസര ശുചിത്വം പുല്ലുവില. സ്വന്തം വീട് വൃത്തിയാക്കുമ്പോള്‍ അയലത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഒരുളുപ്പുമില്ലാതെ ചവറു തട്ടാന്‍ ഒരു പിന്‍ചിന്തയും നമുക്കു പ്രതിബന്ധമാകുന്നില്ല, അറുത്തു കൂട്ടുന്ന നൂറായിരം കോഴികളുടെ, മാടുകളുടെ മാലിന്യങ്ങള്‍ നല്ല പച്ചപ്പുള്ള ആളൊതുക്കമുള്ള ഇടങ്ങളില്‍, കുളങ്ങളില്‍ പതുങ്ങി വന്നുപേക്ഷിക്കാന്‍ ഒരു ധാര്‍മിക ബോധവും സൗന്ദര്യ ബോധവും നൈതികതയും നമ്മെ തടയുന്നുമില്ല. വഴിയരികില്‍ മൂത്രമൊഴിക്കാനോ കൈയിലെ വിഴുപ്പുകളുപേക്ഷിക്കാനോ തരിമ്പും കുറ്റബോധവും നമുക്കില്ല.
ഒരു ഭരണകൂടവും പരിസ്ഥിതിക്കും പ്രകൃതിക്കും ഒപ്പമല്ല, മറിച്ച് മുതലാളിത്തത്തോടൊപ്പമാണ് എന്ന വസ്തുത എന്നേ തിരിച്ചറിയേണ്ടതുണ്ടായിരുന്നു. തെരഞ്ഞെടുപ്പു കാലത്തെ പൊങ്ങച്ച പ്രഖ്യാപനങ്ങളില്‍ ഒന്നുമാത്രമാണ് അവര്‍ക്കെല്ലാം പരിസ്ഥിതി. അതിനു പക്ഷങ്ങളും പാര്‍ട്ടികളും രാഷ്ട്രീയവുമൊന്നുമില്ല. പണം എന്ന പ്രലോഭിപ്പിക്കുന്ന ഒരൊറ്റ ഘടകം മാത്രമാണ് അവരെ ഒരുമിച്ചു നിര്‍ത്തുന്നത്. അതിനും മീതെ പണ്ടും പറന്നിട്ടില്ലല്ലോ ഒരു പരുന്തും. ഒരു ഭരണകൂടത്തിനു പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലേ? രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയതും നാട്ടിലെ ക്ലബില്‍ നിന്ന് അവാര്‍ഡ് കൈപ്പറ്റുന്നതും വരെ ഫ്‌ളക്‌സ് അടിച്ചു വഴിയോരത്തു തൂക്കാനുള്ള ആളുകളുടെ അതിസ്വാതന്ത്ര്യത്തെ അതിനു നിലയ്ക്ക് നിര്‍ത്താനാവില്ലേ? ആത്മാര്‍ഥതയോടെ മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതികള്‍ തുടങ്ങാനും ജനപങ്കാളിത്തത്തോടെ മുന്നോട്ടു കൊണ്ടുപോകാനും കഴിയില്ലേ? ടൂറിസ്റ്റുകള്‍ വന്നുപോകുന്നിടങ്ങളും ഭരണസിരാ കേന്ദ്രങ്ങളും നിത്യം മാലിന്യ വിമുക്തമാക്കി മാലിന്യരഹിത പ്രഖ്യാപനങ്ങള്‍ നടത്തുന്ന, എന്റെ കേരളം സുന്ദര കേരളം പാടിക്കൊണ്ടിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് ജനങ്ങളോട് എത്രമാത്രം പ്രതിബദ്ധതയുണ്ട്? പ്രകൃതി-പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട എത്ര നിയമങ്ങള്‍ സത്യസന്ധമായി നടപ്പാക്കപ്പെടുന്നുണ്ട് ?
രാഷ്ട്രീയവും മുതലാളിത്തവും ഒറ്റക്കെട്ടാകുമ്പോള്‍ എല്ലാ മേഖലകളിലും ദുര്‍ബലമാകുന്നത് ജനാധിപത്യം തന്നെയാണ്. ജനങ്ങളുടെ അവകാശങ്ങളാണ്. ഏതൊക്കെയോ വിഭ്രമങ്ങളില്‍ കുരുങ്ങി, കണ്ണടച്ച് ഇരുട്ടാക്കി നില്‍ക്കുന്ന പൗരവേഷക്കാരേ, നമ്മുടെ വാതിലില്‍ മുട്ടാനുള്ളത് ഇനി ഭീതിതമായ ഒരു വരള്‍ച്ചക്കാലമാണ്. ദുരിതക്കാലമാണ്. ശേഷിക്കുന്ന മണ്ണിനെ, നീരൊഴുക്കിനെ, മലകളെ, പാടങ്ങളെ, പച്ചപ്പിനെ, ജീവിപ്പിക്കാന്‍ ആരെയും കാത്തുനില്‍ക്കേണ്ടതില്ല. കവിത കേട്ടും ജാഥ കൂടിയും പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായും ഉത്ബുദ്ധരായുണര്‍ന്നു പ്രതികരിക്കുമ്പോഴേക്കും കാല്‍ച്ചുവട്ടില്‍ ഒന്നും ബാക്കിയുണ്ടാവില്ല. തൊട്ടരികെയുള്ളവന്റെ കൈ പിടിക്കുക. അവനെയും (അവളെയും) കൂടി ജീവിപ്പിക്കാനായി തൊട്ടുമുന്നിലുള്ള പച്ചക്കെങ്കിലും ഇത്തിരി വെള്ളമൊഴിക്കുക.
ഇനിയേറെയില്ലെന്നോര്‍ത്തുമാത്രം ഓരോ കുറിയും വെള്ളമെടുക്കുക. എന്നിലേക്കാണ്, എനിക്കുള്ളിലേക്കാണ് ഞാനിതെറിയുന്നതെന്ന് ഓരോ കുറിയും സ്വന്തം വൃത്തികേടുകള്‍ പുറത്തേക്കു വലിച്ചെറിയുംമുന്നേ ഒന്നോര്‍ക്കുക. പത്രച്ചിത്രത്തിലെ ദൂരെയെവിടെയോ എന്ന് നമ്മളാശ്വസിക്കുന്ന ദാഹിച്ചലഞ്ഞു വീഴുന്ന ആ മനുഷ്യന് നമ്മുടെ തന്നെ മുഖമാണെന്നു കൂടി തിരിച്ചറിയുക.
അവിടെ പതിക്കണം ബ്രിക്‌സുകള്‍
മുറ്റങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതും ബ്രിക്‌സ് പതിക്കുന്നതും കുടിനീരിറക്കാനുള്ള ഭൂമിയുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഭൂമിയുടെ വാ മൂടിക്കെട്ടി വെള്ളത്തിന് വേണ്ടി വാ പൊളിക്കുന്നവരുടെ വായിലും ബ്രിക്‌സുകള്‍ പതിക്കണം.
അരുവി മോങ്ങം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."