റേഷന്‍ കാര്‍ഡില്ല; ഭവനസഹായം മുടങ്ങുമെന്ന ആശങ്കയില്‍ നിരവധി കുടുംബങ്ങള്‍
ബദിയഡുക്ക: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച ഭവന നിര്‍മാണത്തിന്1 ഫണ്ട് മുടങ്ങുമോ എന്ന ആശങ്കയിലാണ് ജില്ലയിലെ നിരവധി കുടുംബങ്ങള്‍.
റേഷന്‍ കാര്‍ഡ് ഇല്ലാത്തതാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മിക്കുന്നതിനുള്ള സഹായം നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ലൈഫ് പദ്ധതി നടപ്പാക്കുന്നതും റേഷന്‍ കാര്‍ഡ് നല്‍കുന്നതും സര്‍ക്കാരാണെന്നിരിക്കെ ഇങ്ങനെ ഒരു തിരുമാനത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പഞ്ചായത്തുകള്‍ നേരിട്ടായിരുന്നു ഭവന നിര്‍മാണത്തിന് സഹായം നല്‍കിയിരുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ ഭവന നിര്‍മാണത്തിന് സഹായം നല്‍കാന്‍ തുടങ്ങിയത്. സ്ഥലവും വീടും ഇല്ലാത്തവര്‍ വീടില്ലാത്തവര്‍ എന്നിങ്ങിനെ തരംതിരിച്ചായിരുന്നു ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത്. അഞ്ച് വര്‍ഷത്തോളമായി പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്. ഇതിനാല്‍ പുതിയ വീട് നിര്‍മിച്ച് താമസിക്കുന്നവരും വാടക വീട്ടില്‍ കഴിയുന്നവര്‍ക്കും സ്വന്തമായി റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ല.
അതേസമയം ലൈഫ് പദ്ധതി ഗുണഭോക്താക്കളോട് ഇന്ന് റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കാന്‍ അറിയിച്ചിരുന്നു. അല്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇതോടെ റേഷന്‍ കാര്‍ഡില്ലാത്ത നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."