ടാഗോര്‍ പ്രവേശനം: തിരക്കൊഴിഞ്ഞു; എട്ടാം തരത്തില്‍ കുട്ടികള്‍ കുറവ്
തളിപ്പറമ്പ്: ടാഗോര്‍ വിദ്യാനികേതനില്‍ 5, 8 ക്ലാസുകളിലേക്കുളള പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. എട്ടാം തരത്തിലേക്ക് ഇന്നലെ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നു. വ്യാഴാഴ്ച അഞ്ചാംതരത്തിലേക്ക് പ്രവേശനത്തിനായി ബുധനാഴ്ച രാത്രി മുതല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ ക്യൂ നിന്നിരുന്നു. ഇന്നലെയും വന്‍ തിരക്കുണ്ടാകുമെന്ന് കരുതി അഞ്ച് കുട്ടികളുടെ രക്ഷിതാക്കള്‍ വ്യാഴാഴ്ച രാത്രി തന്നെ ഇവിടെയെത്തി ക്യൂ നിന്നിരുന്നു. എന്നാല്‍ രാവിലെയായിട്ടും ഇരുപതില്‍ താഴെ ആളുകള്‍ മാത്രമേ എത്തിയിരുന്നുളളൂ. സ്‌കൂള്‍ പ്രവൃത്തി സമയം അവസാനിച്ചപ്പോള്‍ ഇംഗ്ലിഷ്, മലയാളം വിഭാഗങ്ങളില്‍ നിലവിലുളള 60 സീറ്റുകളിലേക്കായി 52 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. മുന്‍വര്‍ഷങ്ങളിലും എട്ടാംതരത്തിലേക്ക് അപേക്ഷകള്‍ കുറവാണുണ്ടാകാറുള്ളതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച അഞ്ചാംതരത്തിലേക്ക് ആകെയുള്ള 120 ഒഴിവുകളിലേക്കായി 180 അപേക്ഷകളാണ് ലഭിച്ചത്. രണ്ട് ക്ലാസുകളിലേക്കായി ലഭിച്ച അപേക്ഷകളില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുക്കുന്നവരുടെ ലിസ്റ്റ് മെയ് 14ന് പ്രസിദ്ധീകരിക്കും. 16 മുതല്‍ പ്രവേശനം ആരംഭിക്കും. വരും വര്‍ഷങ്ങളില്‍ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ച് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."