കഞ്ഞിപാര്‍ച്ചയുടെ ഓര്‍മകളുണര്‍ത്തുന്ന നോമ്പുകാലം
വറുതിയുടെ പഴയകാലത്തേക്കു ചേര്‍ത്തുനോക്കുമ്പോഴാണ് നോമ്പുകാലം ശരിക്കും അനുഭവമാകുന്നത്. ഭക്ഷണം കിട്ടാനില്ലാത്ത നാളുകളില്‍ എന്റെ വന്ദ്യപിതാവ് മര്‍ഹൂം മൊയ്തീന്‍കുട്ടി കുരിക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഓര്‍മകള്‍ എന്റെ മനസിനെ ഇപ്പോഴും കുളിരണിയിക്കുകയാണ്. നോമ്പുതുറക്കാന്‍ ഇന്നത്തെ പോലെ സുഭിക്ഷമായ ഭക്ഷണം ഇല്ലായിരുന്നു. ജനങ്ങളുടെ ദാരിദ്ര്യത്തിന്റെ കയ്‌പ്പേറിയ അനുഭവം മാത്രമാണ് അക്കാലത്തെ നോമ്പുകാല സ്മൃതികളില്‍ തെളിയുന്നത്.
കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ എന്റെ പിതാവ് വീട്ടില്‍ കഞ്ഞിവച്ചു ജനങ്ങള്‍ക്കു നല്‍കാന്‍ തീരുമാനമെടുത്തു. വലിയ പാത്രത്തില്‍ കഞ്ഞിവെക്കും. മഞ്ചേരി സെന്‍ട്രല്‍ പള്ളിയിലേക്ക് അതില്‍ നിന്നും കുറച്ചുകൊണ്ടുപോവുമായിരുന്നു. നോമ്പുതുറയുടെ നേരമാകുന്നതോടെ ജനങ്ങള്‍ കഞ്ഞിവിളമ്പുന്നതുംകാത്ത് പാത്രവുമായി വരും. കഞ്ഞിപാര്‍ച്ച എന്നാണ് കഞ്ഞി വിളമ്പലിനു പേര്. അതിനായി മാത്രം ചിലയാളുകളെ പിതാവ് ഏര്‍പ്പാടാക്കി. മഞ്ചേരിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ വീട്ടിലെത്തുന്നത് കുട്ടിക്കാലത്തു ഞാന്‍ നേരില്‍കണ്ടിട്ടുണ്ട്. നോമ്പുതുറക്കു ശേഷം പള്ളിയില്‍ നടക്കുന്ന തറാവീഹ് നിസ്‌കാരത്തിനും വലിജനസാനിധ്യമുണ്ടാവും. പള്ളിയില്‍ വിളമ്പുന്ന കഞ്ഞിയോടൊപ്പം സ്‌പെഷ്യലായി പച്ചക്കറികൊണ്ടുള്ള കൂട്ടാനും ഉണ്ടാകും. മഞ്ചേരി സെന്‍ട്രല്‍ പള്ളിയിലെ ഈ കഞ്ഞി വിളമ്പല്‍ നോമ്പുകാലങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ട്. നേതാക്കന്‍മാരുടെ സാനിധ്യം വീട്ടില്‍ പലപ്പോഴും ഉണ്ടായിരുന്നു. നോമ്പുകാലത്ത് അത് വലിയ അനുഗ്രഹമായിരുന്നു. വലിയ നേതാക്കന്‍മാരുമായി ഇടപഴകാനും ഗൗരവത്തോടെനടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ നേരില്‍ കേള്‍ക്കാനുമുള്ള അവസരങ്ങള്‍ കൂടിയായിരുന്നു അന്നത്തെ നോമ്പുകാലങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."