നഗരം കീഴടക്കി സാംസ്‌കാരിക ഘോഷയാത്ര
മണ്ണാര്‍ക്കാട്: കനത്ത വേനലിലെ കഠുത്ത ചൂടിനെ അവഗണിച്ച് കാഴ്ചക്കാരായെത്തിയ പുരുഷാരവത്തെ സാക്ഷിയാക്കി സാംസ്‌കാരിക ഘോഷയാത്രയോടെ മണ്ണാര്‍ക്കാട് പൂരത്തിന് സമാപനമായി. കണ്ണും മനവും നിറച്ച് നഗരം കീഴടക്കി വിവിധ ദേശവേലകളുടെ സംഗമത്തോടെ സ്ഥാനീയ ചെട്ടിയാന്‍മാരെ ആദരിച്ച് ആനയിക്കുന്ന ചെട്ടിവേലയെന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഒരാഴ്ചക്കാലമായി നീണ്ടുനിന്ന മണ്ണാര്‍ക്കാട് അരക്കുര്‍ശ്ശി ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് സമാപനമായത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ നെല്ലിപ്പുഴയില്‍നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര രാത്രി വൈകിയാണ് നഗരം ചുറ്റി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചത്. ഗജവീരന്‍മാരും, വാദ്യമേളങ്ങളും കൊഴുപ്പേകിയ ഘോഷയാത്രയില്‍ നാടന്‍ കലാരൂപങ്ങളും പ്രാചീന ഗോത്ര സമൂഹങ്ങളുടെ മേളക്കൊഴുപ്പും, ടാബ്ലോകളും വിവിധ നൃത്ത നൃത്ത്യങ്ങളും, നിശ്ചല ദൃശ്യങ്ങളും, കരോക്ക ഗാനങ്ങളും, കാവടികളും, പൊയ്ക്കാല്‍ നൃത്തവും ദൈവരൂപങ്ങളും നിരന്നതായിരുന്നു സാംസ്‌കാരിക ഘോഷയാത്ര.
വര്‍ണ ശബളമായി നടന്ന ഘോഷയാത്ര വീക്ഷിക്കുന്നതിന് നാടിന്റെ നാനാദിക്കുകളില്‍ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് സാക്ഷികളായത്. രാത്രി ഒന്‍പതോടെ ഘോഷയാത്ര ക്ഷേത്രാങ്കണത്തിലെത്തി. തുടര്‍ന്ന് 21 പ്രദക്ഷിണത്തോടുകൂടി ഈ വര്‍ഷത്തെ പൂരാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. സാംസ്‌കാരിക ഘോഷയാത്രയില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, എം. പുരുഷോത്തമന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ, വൈസ് പ്രസിഡന്റ് ടി.ആര്‍ സെബാസ്റ്റ്യന്‍ അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."