പരാതി വ്യാജം; അശ്വതി ജ്വാലക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ പേരില്‍ സാമൂഹികപ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ പൊലിസ് അന്വേഷണം അവസാനിപ്പിക്കുന്നു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ പരാതി വ്യാജമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്വതിക്കെതിരേ പരാതി നല്കിയ കോവളം സ്വദേശി അനില്കുമാറില്നിന്നും പൊലിസ് മൊഴിയെടുത്തെങ്കിലും കാര്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല.
ഇതാണ് പരാതി വ്യാജമാണെന്ന നിഗമനത്തിലെത്താന്‍ പ്രധാന കാരണം.
വിദേശവനിതയെ കാണാതായപ്പോള്‍ പരാതി പറയാനെത്തിയ ബന്ധുക്കളെ മുഖ്യമന്ത്രിയും പൊലിസ് മേധാവിയും അവഗണിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് അശ്വതി ജ്വാലയ്ക്കെതിരെ പണപ്പിരിവ് പരാതി ഉയര്‍ന്നത്. ഇത് സംബന്ധിച്ച് അനില്‍കുമാറിന്റെ പരാതിയില്‍ പൊലിസ് അന്വേഷണം തുടങ്ങിയിരുന്നു.
തുടര്‍ന്ന് അശ്വതിയെ തെളിവെടുപ്പിനായി വിളിപ്പിച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പകപോക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി രംഗത്ത് വന്നതോടെ വിവാദങ്ങള്‍ കനത്തു. തങ്ങള്‍ക്ക് വേണ്ടി അശ്വതി പണം പിരിച്ചിട്ടില്ലെന്ന് വിദേശവനിതയുടെ ബന്ധുക്കളും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."