ശ്രീനഗറില്‍ മൂന്നു ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: എട്ടു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ജമ്മു കശ്മീരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ ഛട്ടാബാലിലെ നിര്‍മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ ഒളിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. മൂന്ന് സി.ആര്.പി.എഫ് ജവാന്മാര്ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും മൂന്ന് എ.കെ 47 തോക്കുകള്‍ കണ്ടെടുത്തു. കഴിഞ്ഞദിവസം രണ്ടുപേരെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ കൊലപ്പെടുത്തി ഉപേക്ഷിച്ചിരുന്നു. ഉത്തര കശ്മീരിലെ ബന്ദിപ്പൊരയിലെ ഹാജിനില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഭീകരര്‍ വീടിനുള്ളില്‍ കടന്ന് 45കാരനായ ഗുലാം ഹസ്സന് എന്ന ഹസന് റസയെയും മരുമകനും 26കാരനുമായ ബഷീര്‍ അഹമ്മദിനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.
തോക്കിന് മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോയ ഇരുവരെയും പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പുലര്‍ച്ചെ 3.30ഓടെയാണ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയത്. മുസ്ലിം പള്ളിക്ക് സമീപത്തുനിന്ന് പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മറ്റൊരു 35കാരനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചിരുന്നു. ആയുധധാരികളായ ഒരു സംഘം ഭീകരരാണ് വീടിനുള്ളില്‍ കടന്ന് വെടിയുതിര്‍ത്ത ശേഷമാണ് 35കാരനായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."