പ്രബോധകര്‍ ജാഗ്രതയോടെ നീങ്ങണം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍
കൊല്ലം: സമസ്തയുടേയും പോഷക ഘടകങ്ങളുടേയും കീഴില്‍ പ്രബോധനരംഗത്ത് കാലോചിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു.
സമസ്ത കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരമ്പര്യ ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസം വികലമാക്കാനുള്ള ആസൂത്രിത നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. മതവിശ്വാസങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് പ്രബോധകര്‍ ജാഗ്രതയോടെ നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഫാസിസ്റ്റ് വര്‍ഗീയ ശക്തികളുടെ മുന്നേറ്റം തടയാന്‍ അഭിപ്രായവ്യത്യാസം മറന്ന് മതേതര ഐക്യം രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഏതു വിശ്വാസം അനുസരിച്ച് ജീവിക്കാനും ഇഷ്ടമുള്ള ആഹാരം കഴിക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശം ധ്വംസിക്കുന്ന ഭരണഘടനാ വിരുദ്ധ ഗൂഢനീക്കത്തിനെതിരേ യോഗം ശക്തിയായി പ്രതിഷേധിച്ചു. സദാചാര ഗുണ്ടായിസത്തെപ്പോലെ ചുംബനസമരത്തേയും എതിര്‍ക്കണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ലാ പ്രസിഡന്റ് മുഹ്‌സിന്‍ കോയ തങ്ങള്‍ അധ്യക്ഷനായി. എസ് അഹമ്മദ് ഉഖൈല്‍ പ്രമേയം അവതരിപ്പിച്ചു.
സമസ്ത കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അഹമ്മദ് കബീര്‍ ബാഖവി, ടി.കെ ഇബാഹിംകുട്ടി മുസ്‌ലിയാര്‍, തടിക്കാട് സഈദ് ഫൈസി, ഒ.എം ശരീഫ് ദാരിമി, മഹമൂദ് മുസ്‌ലിയാര്‍, അബ്ദുല്‍ വാഹിദ് ദാരിമി, സലീം റഷാദി, ബൈജു താജുദ്ദീന്‍, ഷിഹാബുദ്ദീന്‍ ഫൈസി, ഷാജഹാന്‍ ഫൈസി, അബ്ദുല്‍ ജവാദ് ബാഖവി, ശറഫുദ്ദീന്‍ ബാഖവി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."